നൗഷേരയിലെ ലാം താഴ്‍വരയില്‍ ഇന്ത്യൻ സൈന്യം വെടിവച്ചിട്ട പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനവും  ഇന്ത്യയുടെ മിഗ്21 വിമാനവും കഴിഞ്ഞ ദിവസം രജൗരി ജില്ലയിൽ നടത്തിയത്  നേരിട്ടുളള ആക്രമണം. പോർവിമാനങ്ങൾ തമ്മിലുളള ആക്രമണത്തെ ‘ഡോഗ്ഫൈറ്റ്’ എന്നാണ് വിളിക്കുക. ബുധനാഴ്ച രാവിലെ കോംപാക്ട് എയർ പെട്രോളിങ്ങിന്റെ ഭാഗമായാണ് മിഗ്21 അതിര്‍ത്തിയിലൂടെ പറന്നത്. 

എന്നാൽ പാക്കിസ്ഥാൻ അമേരിക്കൻ നിർമിത എഫ്16 ഉപയോഗിച്ച്ആക്രമിക്കുകയായിരുന്നു. ഇരുപോർവിമാനങ്ങളും പത്തു മിനിറ്റോളം ആക്രമണം നടത്തി. രാവിലെ 10 മണിക്കാണ് സംഭവം നടക്കുന്നത്. 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് ഇന്ത്യയുടെ ഒരു പോർവിമാനം ഡോഗ്ഫൈറ്റ് നടത്തുന്നത്. 1913ൽ മെക്സിക്കോയിലാണ് ആദ്യത്തെ 'ഡോഗ്ഫൈറ്റ്' നടക്കുന്നത്.

മിഗ്–21 ഉപയോഗിച്ച് അമേരിക്കൻ നിർമിത എഫ്–16 തകര്‍ക്കാനായത് വലിയ നേട്ടമെന്നാണ് പ്രതിരോധ വക്താവ് പ്രതികരിച്ചത്. എന്നാല്‍ മിഗ്21 പോർ‍വിമാനത്തെ ആക്രമിക്കാൻ എഫ്–16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങൾക്ക് എഫ്–16 പോർവിമാനം ഉപയോഗിക്കുന്നതിൽ നിന്നു അമേരിക്ക പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്. ഇതിനാലാണ് ആക്രമണത്തിനു എഫ്–16 ഉപയോഗിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത്.വിലക്കിയിട്ടും എഫ്–16 ഉപയോഗിച്ചതായി തെളിഞ്ഞാൽ പാക്കിസ്ഥാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യ തകർത്തത് എഫ്–16 പോർവിമാനം തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്സ് കമ്പനിയാണ് എഫ് 16 നിർമാണം തുടങ്ങിയത്. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി. പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു.1986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.