എയർമാർഷൽ സിംഹക്കുട്ടി വർധമാനൊപ്പം രാജ്യവും കാത്തിരിക്കുകയാണ്, മകൻ വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചെത്തുന്ന നിമിഷത്തിനായി. പാക്ക് സൈന്യം തടവിലാക്കിയ മകന്റെ ജീവിതത്തിലെന്നപോലെ ഒരു കഥയിലൂടെ ഈ മുൻസൈനികനും കടന്നുപോയിരുന്നു.
അതുപക്ഷേ, ഒരു സിനിമയ്ക്കു വേണ്ടിയായിരുന്നു, മണിരത്നം സംവിധാനം ചെയ്ത് 2017 ൽ റിലീസ് ചെയ്ത ‘കാറ്റ്റു വെളിയിടൈ’. പാക്കിസ്ഥാനിൽ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യൻ വ്യോമസേന പൈലറ്റിന്റെ കഥ പറഞ്ഞ സിനിമയിൽ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് കിഴക്കൻ വ്യോമസേനാ കമാൻഡ് മുൻ മേധാവി എയർ മാർഷൽ (റിട്ട) എസ്. വർധമാന്റെ വിദഗ്ധ നിർദേശങ്ങൾ പരിഗണിച്ചായിരുന്നു.
കാർഗിൽ യുദ്ധത്തിനിടെ പാക്ക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിനെ നടൻ കാർത്തിയാണു സിനിമയിൽ അവതരിപ്പിച്ചത്. 1971 ൽ പാക്ക് തടവിലായ ഫ്ലൈറ്റ് ലഫ്. ദിലീപ് പരുൽക്കർ, കാർഗിൽ യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ട ഫ്ലൈറ്റ് ലഫ്. കെ. നചികേത എന്നിവരുടെ അനുഭവങ്ങളിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് സിനിമയിലെ കഥാപാത്രത്തെ ഒരുക്കിയത്.
1971 ഡിസംബർ 10ന് ലഹോറിനു കിഴക്ക് റഡാർ സ്റ്റേഷനുനേരെ ബോംബാക്രമണം നടത്തുമ്പോഴാണ് പോർവിമാനത്തിനു വെടിയേറ്റ് പരുൽക്കർ പിടിയിലായത്. പിന്നീട് റാവൽപിണ്ടിയിലെ ജയിൽമുറിയുടെ ഭിത്തി തുരന്ന് രണ്ടു സഹതടവുകാർക്കൊപ്പം ജയിൽ ചാടിയെങ്കിലും യാത്രയ്ക്കിടെ പിടിയിലായി. ഒടുവിൽ 1972 ഡിസംബർ ഒന്നിനു വാഗ അതിർത്തിയിൽവച്ച് പരുൽക്കറെ ഇന്ത്യയ്ക്കു കൈമാറി. മിഗ് 27 വിമാനത്തിനു തകരാർ പറ്റിയാണ് കാർഗിൽ യുദ്ധവേളയിൽ, നചികേത (26) പാക്ക് പിടിയിലായത്. ജയിലിൽ ക്രൂരമർദനമേറ്റെങ്കിലും രാജ്യാന്തര സമ്മർദത്തെ തുടർന്ന് 8 ദിവസത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു. വീരപുത്രൻ അഭിനന്ദൻ മടങ്ങിയെത്തുന്ന ദിനത്തിനായും നമുക്കു കാത്തിരിക്കാം