karunanidhi-rajathi-ammal

വാക്കുകൾ കൊണ്ടാണ് കരുണാനിധി തമിഴ് മനസ്സിൽ കലൈഞ്ജറായി ചിരപ്രതിഷ്ഠ നേടിയത്. ‌എതിരാളികളെയും പോലും അമ്പരപ്പിച്ച മാന്ത്രികൻ. രാഷ്ട്രീയ പ്രതിയോഗികളുടെ വായടപ്പിച്ച കലൈഞ്ജറുടെ വാക്ചാതുര്യത്തിന് ഒരുദാഹരണം.

‌രണ്ടാം ഭാര്യ ദയാലു അമ്മാള്‍ ഉള്ളപ്പോൾത്തന്നെ കരുണാനിധിക്ക് രാജാത്തി അമ്മാളുമായി ബന്ധമുണ്ടായിരുന്നു. 1967ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുണാനിധി എഴുതിയ നാടകത്തിൽ നായികയായി അഭിനയിച്ചത് രാജാത്തി അമ്മാളായിരുന്നു, നായകൻ കരുണാനിധിയും.

ഇരുവരും പ്രണയത്തിലാകുകയും ഒരു വർഷത്തിനുശേഷം മകൾ കനിമൊഴി ജനിക്കുകയും ചെയ്തു. 

ഈ ബന്ധത്തിൽ സ്റ്റാലിനും അഴഗിരിക്കുമെല്ലാം എതിർപ്പുകളുമുണ്ടായിരുന്നു. ഈ ബന്ധം സഭയിൽ ചോദ്യം ചെയ്ത് കരുണാനിധിയെ തളർത്താൻ പ്രതിപക്ഷമുറച്ചു. 'ചിന്നവീട് പരാമർശം' ഉയർത്തി പ്രതിപക്ഷം ചോദിച്ചു, 'ഒലിവർ റോഡിലെ വീട്ടിൽ ആരാണ് നിങ്ങള്‍ക്കൊപ്പം താമസിക്കുന്നത്?'

പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മൂർച്ചയേറിയ മറുപടിയെത്തി. 'എൻ മകൾ കനിമൊഴിയിൻ തായാൾ!' ( എന്റെ മകൾ കനിമൊഴിയുടെ അമ്മ. )

കരുണാനിധി–രാജാത്തി അമ്മാൾ ഗോസിപ്പ് കഥകൾക്ക് വളരെപ്പെട്ടെന്ന് വൈകാരികമാനം കൈവന്നത്. 

പ്രതിപക്ഷത്തിന്റെ ഒളിയമ്പ് രാജാത്തി അമ്മാളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള വേദിയായി കലൈഞ്ജർ മാറ്റി.