“ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്,
അതൈ ഉറക്കച്ചോല്‍വോം ഉലകുക്ക്”
ഇരുവർ എന്ന ചിത്രത്തിലെ ആ സംഭാഷണം കലൈഞ്ജർ തമിഴ് മക്കളെ പാടിപ്പഠിപ്പിച്ച പാട്ടാണ്. അതിവൈകാരികനാടെന്ന് തമിഴകത്തെ മലയാളി പുച്ഛിക്കുമ്പോൾ ആ അതിവൈകാരികത നമ്മൾ മലയാളികളെപ്പോലെ തന്നെ തമിഴ്മണ്ണിനു പുറത്ത് മറ്റാർക്കും മനസ്സിലായെന്നു വരില്ല. ഉടൽ മണ്ണിനും ഉയിർ തമിഴിനും നൽകിയ ജീവിതം തന്നെയായിരുന്നു അത്. തമിഴ്മണ്ണിൻറെ അതിവൈകാരിത സ്വത്വത്തിന് അദ്ദേഹത്തിൻറെ വാക്കുകൾ പുത്തൻ ഊർജ്ജം പകർന്നു. പെരിയാറും അണ്ണാദുരൈയുമൊക്കെ പ്രാദേശികവാദത്തിൻറെ വക്താക്കളായിരുന്നുവെങ്കിലും കലൈഞ്ജർ ആ വികാരത്തെ കൂടുതൽ ജ്വലിപ്പിച്ചു.
മുത്തുവേല്‍ കരുണാനിധി എന്നത് ചുരുക്കി 'മു കാ' എന്ന് ചിലർ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, കലൈഞ്ജർ എന്ന പേര് പിന്നീട് ഡിഎംകെയുടെ പര്യായമായി മാറി. രാഷ്ട്രീയത്തിൽ മാത്രമല്ല, തമിഴ് സാഹിത്യത്തോടും സംഗീതത്തോടും സംസ്കാരത്തോടും ആ പേര് ചേർന്നുകിടന്നു.
മൂർച്ചയേറിയതായിരുന്നു വാക്കുകളത്രയും. പത്രസമ്മേളനങ്ങളിൽ നർമബോധത്തോടെ സംസാരിച്ചിരുന്ന രാഷ്ട്രീയനേതാവ്. 60 കളിലും 70 കളിലും യുവാക്കളെ ത്രസിപ്പിച്ച പ്രാസംഗികൻ. അദ്ദേഹത്തിൻറെ പ്രസംഗശൈലി പലരും അനുകരിച്ചു തുടങ്ങി, കറുത്ത കണ്ണടയും മഞ്ഞ ഷാളുമിട്ട് മറ്റു ചിലർ അദ്ദേഹത്തിൻറെ ശരീരഭാഷ അനുകരിച്ചു തുടങ്ങി.
ആ തൂലികയിൽ നിന്നു പിറന്ന ഉശിരുള്ള ഡയലോഗുകൾ പറഞ്ഞ് എംജിആറും ശിവാജി ഗണേശനുമൊക്കെ തമിഴകത്തിൻറെ വെള്ളിത്തിരയിൽ നായകൻമാരായി വാണു. പഞ്ചുള്ള ഉഗ്രൻ രാഷ്ട്രീയ മുദ്രാവാക്യങ്ങളും അദ്ദേഹത്തിൽ നിന്നു പിറവി കൊണ്ടു. നീണ്ട എട്ടു പതിറ്റാണ്ടുകൾ ആ ശബ്ദം തമിഴകത്ത് മുഴങ്ങി
ആ പഞ്ച് ഡയലോഗുകൾക്ക് ഉദാഹരണങ്ങൾ:
നെഹ്റുവിൻ മകളേ വരിക, നിലയാന ആച്ചി തരിക’ (സുസ്ഥിര സർക്കാർ ഉറപ്പാക്കാൻ നെഹ്റുവിന്റെ മകൾക്കു സ്വാഗതം)
‘താലിക്കു തങ്കം ഇല്ലൈ, താളിക്കാൻ തക്കാളി ഇല്ലൈ’ ( കല്യാണ താലി പണിയാൻ സ്വർണം ഇല്ല, കറിയിലിടാൻ തക്കാളി തക്കാളി ഇല്ല) ( ജനതാ പാർട്ടിയുടെ ഭരണ പരാജയം തുറന്നു കാട്ടുന്നതിനു രൂപപ്പെടുത്തിയ മുദ്രാവാക്യം)