bus-accident

ദാപോളി സർവകലാശാലയിലെ സുഹൃത്തുക്കൾക്കൊപ്പം മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകാൻ എല്ലാ തയാറെടുപ്പുകളും നടത്തിയതാണ് പ്രവീൺ റാൻഡിവയും. പെട്ടെന്നാണ് സുഖമില്ലാതെ ആകുന്നതും യാത്ര വേണ്ടെന്നു വക്കുന്നതും. സുഹൃത്തുക്കൾ യാത്ര തുടങ്ങി. പ്രവീൺ വാട്സാപ്പിൽ അവർ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ നോക്കിക്കൊണ്ടേയിരുന്നു. പെട്ടെന്നാണ് ഗ്രൂപ്പിൽ നിശബ്ദത ഉടലെടുത്തത്. 12.30 ആയപ്പോഴേക്കുമാണ് പ്രവീൺ ആ വിവരം അറിഞ്ഞത്. തന്റെ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബസ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്ന്. അതിലുണ്ടായിരുന്ന 34 പേരിൽ 33 പേരും മരിച്ചു. 25 പേരുടെ മൃതദേഹം ഇനിയും കണ്ടെത്താൻ ബാക്കി.

'രാവിലെ ആറരയ്ക്ക് യാത്ര തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ അവർ വിളിച്ചപ്പോൾ എനിക്ക് സുഖമില്ലായിരുന്നു. എനിക്ക് വരാൻ കഴിയില്ല എന്ന് അറിയിച്ചു. വാട്സാപ്പ് ഗ്രൂപ്പിൽ അവർ പോകുന്ന വഴിക്കുള്ള സുന്ദരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടിരുന്നു. ഏകദേശംം 9.30–ഓടെ അവസാന മെസേജ് വന്നു. പ്രാതൽ കഴിക്കാൻ പോകുന്നുവെന്നായിരുന്നു അത്. പിന്നീട് ഞാൻ മെസേജ് ചെയ്തപ്പോൾ പ്രതികരണം ഒന്നുമില്ല.12.30–ഓടെയാണ് അപകടവിവരം അറിഞ്ഞത്. 30–നും 45–നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പലരും അവിവാഹിതരും. അപടകത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും സുഹൃത്തുക്കളുടെ വിയോഗത്തിന്റെ വേദനയിൽ  പ്രവീൺ പറയുന്നു'.

വാസ്തവത്തിൽ 40 പേരാണ് മഹാബലേശ്വറിലേക്കുള്ള  യാത്ര പോകാൻ തീരുമാനിച്ചത്. പക്ഷേ ബസ് ചെറുതായതുകൊണ്ടും സ്ഥലപരിമിതി മൂലവും പലരും അവസാനനിമിഷം യാത്ര ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രവീൺ അറിയിച്ചു.കൊങ്കൺ കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാർഥികളുമാണ് ബസിൽ ഉണ്ടിയരുന്നത്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് സ്ഥലം എംഎൽഎ ഭരത് ഗോഗ്‌വാലെ അറിയിച്ചു.