പശുവിന്റെ പേരില്‍ രാജ്യത്ത് നിരവധി കൊലപാതകങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പശു മാത്രമല്ല ആടും മാതാവാണെന്ന വാദമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ബംഗാൾ വൈസ് പ്രസിഡന്റ് ചന്ദ്രകുമാർ ബോസ്.
മഹാത്മാ ഗാന്ധി ആടുകളെ മാതാവായിട്ടാണ് കണ്ടിരുന്നതെന്നാണ് ചന്ദ്രകുമാർ ബോസിന്റെ ട്വീറ്റ്. തന്റെ മുത്തച്ഛൻ ശരത്ചന്ദ്രബോസിന്റെ കൊൽക്കത്തയിലെ വീട്ടിൽ ഗാന്ധിജി വന്ന് താമസിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം ആട്ടിൻപാൽ കുടിച്ചിട്ടുണ്ടെന്നും ആടുകളെ അമ്മയായാണ് കണ്ടിരുന്നതെന്നും ട്വീറ്റ് ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത്ചന്ദ്രബോസ്.
എന്നാൽ ചന്ദ്രകുമാർ ബോസിന്റെ ട്വീറ്റിനെതിരെ മുൻ ബിജെപി നേതാവും ത്രിപുര ഗവർണറുമായ തഥാഗത റോയി രംഗത്തെത്തി. ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കണ്ടിരുന്നില്ലെന്നും തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നൽകി.
എന്നാൽ താൻ ചരിത്രത്തിലെ ഒരു അദ്ധ്യായത്തെക്കുറിച്ചാണ് പറഞ്ഞതെന്നും ട്വീറ്റ് വ്യക്തമായി മനസിലാക്കാതെ പ്രതികരണങ്ങൾ നടത്തരുതെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചന്ദ്രകുമാര്‍ ബോസും വ്യക്തമാക്കി. 'പോത്തിറച്ചി കഴിക്കുന്നതിന്റെ പേരിൽ രാജ്യത്ത് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഹിന്ദുക്കൾ ആടിന്റെ മാംസം കഴിക്കുന്നതും അവസാനിപ്പിക്കണം. കാരണം ഗാന്ധിജി ആട്ടിൻ പാൽ കുടിച്ചിരുന്നു. ആട്ടിൻ പാൽ കുടിക്കുന്നുണ്ടെങ്കിൽ ആടും അമ്മയാണ്. മതവും രാഷ്ട്രീയവും തമ്മിൽ ഇടകലർത്തരുത്' ബോസ് പറഞ്ഞു.