bride

ആറ്റുനോറ്റിരന്നാണ് ബിഹാർ സ്വദേശിയായ പങ്കജ് കുമാറിന് വധുവിനെ കിട്ടിയത്. വിവാഹപ്രായം കഴിയാറായ തന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അമ്മ ഷീല ദേവിയും. എന്നാൽ ആദ്യരാത്രി വരെ മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിന്റു എന്ന് വിളിക്കുന്ന പങ്കജ് കുമാറും സംഗിത കുമാരി എന്ന യുവതിയും തമ്മിൽ വിവാഹം നടന്നത്. പക്ഷേ ആദ്യരാത്രയിൽ തന്നെ ആഭരണവും പണവും മറ്റ് സമ്മാനങ്ങളുമായി പെൺകുട്ടി കടന്നുകളഞ്ഞു. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. വിവാഹത്തിനായി പങ്കജ് കുമാറും കടമെടുത്തിരുന്നു. 

അനാഥയായ പെൺകുട്ടിയായിരുന്നു സംഗീത. ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പങ്കജ് കുമാറിന്റെ അമ്മ ഷീലാ ദേവിയോട് അവരുടെ ബന്ധു പറഞ്ഞത് അനുസരിച്ചാണ് സംഗീതയെ വിവാഹം ആലോചിക്കുന്നത്. അവസാനം വിവാഹവും നടന്നു. വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വൈകുന്നേരത്തോടെ നവദമ്പതികൾ വീട്ടിലെത്തി. മകന് ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഷീലാ ദേവി. പക്ഷേ രാത്രിയായപ്പോൾ ആരോഗ്യകാരണം പറഞ്ഞ് സംഗീത പങ്കജിനൊപ്പം കിടക്കാൻ വിസമ്മതിച്ചു. മറ്റൊരു മുറിയിലാണ് സംഗീത കിടന്നത്. പിറ്റേ ദിവസം രാവിലെയാണ് സംഗീതയെ കാണാനില്ല എന്ന് അറിയുന്നത്. ആഭരണവും പണവും സമ്മാനങ്ങളുമെല്ലാം എടുത്താണ് സംഗീത സ്ഥലം വിട്ടത്. 

വിവാഹ ആലോചന കൊണ്ടുവന്ന ബന്ധുവിനെയാണ് ഷീല കുമാരിയും മകനും പഴിചാരുന്നത്. തന്റെ മകനെ അവർ മുൻകൂട്ടി പദ്ധതിയിട്ട് ചതിക്കുകയായിരുന്നു എന്നാണ് ഷീല ദേവി പറയുന്നത്. ഇവർ പൊലീസിൽ പരാതിയും നൽകി. ദരിദ്ര കുടുംബമാണെന്നും ഇല്ലാത്ത പണം ഉണ്ടാക്കിയാണ് വിവാഹം നടത്തിയതെന്നുമാണ് ഇവർ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞത്.