ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നായ കിളിമഞ്ചാരോ കാൽചുവട്ടിലാക്കി ഒരു ഇന്ത്യാക്കാരി. റെക്കോർഡ് വേഗത്തിലാണ് ഇൗ പതിനേഴുകാരി കിളിമഞ്ചാരോ കീഴടക്കിയത്. ഹരിയാന സ്വദേശി ശിവാംഗി പതക് ആണ് ഇൗ ചരിത്രനേട്ടം പേരിനൊപ്പം ചേർത്തത്. കേവലം മൂന്നു ദിവസം മാത്രമെടുത്താണ് ഇൗ നേട്ടമെന്നതും ശ്രദ്ധേയം. മെയ് മാസത്തിൽ എവറസ്റ്റും ശിവാംഗി കീഴടക്കിയിരുന്നു.
സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്നും. റെക്കോർഡ് നേട്ടമാണെന്നറിഞ്ഞപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും വ്യത്യസ്ഥനായി നിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശിവാംഗി പറഞ്ഞു. അരുണിമ സിൻഹയാണ് തന്റെ പ്രചോദനം. അവരുടെ വിഡിയോ കണ്ടാണ് പർവതാരോഹണത്തെക്കുറിച്ച് പഠിക്കാനും അതിൽ താൽപര്യം പ്രകടിപ്പിക്കാനും തുടങ്ങിയത്. ഭൂമിയിലെ എല്ലാ പർവതങ്ങളും കീഴടക്കുക എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഇൗ പെൺകുട്ടി.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡിന് പിന്നാലെയാണ് ശിവാംഗി കിളിമഞ്ചാരോയും കീഴടക്കി കുതിപ്പ് തുടരുന്നത്. യൂറോപ്പിലെ കൊടുമുടിയായ മൗണ്ട് എൽബ്രൂസാണ് ശിവാംഗിയുടെ അടുത്ത ലക്ഷ്യം.