alwar

അക്ബർ ഖാന്‍റെ ഇള‌യ മകന് വയസ്സ് രണ്ട്. ഒരു മാസം മുൻപാണ് അവൻ ആദ്യമായി അക്ബറിനെ അബ്ബാ എന്നു വിളിച്ചത്. ഇനി അവന്‍റെ വിളി കേൾക്കാൻ അക്ബറില്ല. 

അടുത്ത ഈദ് ആഘോഷമാക്കാൻ ആടുകളെ വാങ്ങാനാണ് അക്ബറും സുഹൃത്ത് അസ്‌ലമും അൽവാറിലെ ഖാൻപൂരിലേക്ക് പോയത്. അവിടെ വെച്ച് നാല് കയ്യിലുള്ള പണം മുഴുവൻ എണ്ണിക്കൊടുത്ത് രണ്ട് കറവപ്പശുക്കളെ കൂടി അവർ വാങ്ങി. വീട്ടിലേക്ക് തിരിക്കും മുൻപ് അക്ബർ ഭാര്യയെ വിളിച്ചു. നമുക്കിപ്പോൾ നാലു പശുക്കളുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറുമെന്നും പറഞ്ഞു.

പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു സ്വർണക്കമ്മൽ– അതായിരുന്നു ഭാര്യ അഷ്മീനക്ക് അക്ബർ നൽകിയ സ്നേഹ വാഗ്ദാനം. പക്ഷേ ആകെയുണ്ടായിരുന്ന ഒരു ജോഡി കമ്മൽ വിറ്റ് അഷ്മീന അക്ബറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടത്തി. രണ്ട് പശുക്കളുടെ പേരിൽ ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ അഷ്മീന വിധവയായി, അവരുടെ ഏഴു മക്കൾ അനാഥരായി. 

കഴിഞ്ഞ വർഷമാണ് മുൻ‍പാണ് പെഹ്ലു ഖാൻ എന്ന കർഷകൻ പശുക്കളെ കടത്തിയെന്നാരോപിക്കപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു വർഷത്തിനിപ്പുറവും രാജസ്ഥാനിലെ ആൽവാറിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ലെന്നു തന്നെയാണ് അക്ബർ ഖാന്‍റെ കൊലപാതകവും തെളിയിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തെ അതിരൂക്ഷ ഭാഷയിൽ സുപ്രീംകോടതി അപലപിച്ച് അധികദിവസം കഴിയും മുൻപേയാണ് അക്ബർ കൊല്ലപ്പെട്ടതെന്നുമോർക്കണം. 

ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കാനെത്തിയത് തോക്കുകളും വടികളും കൊണ്ടാണെന്നാണ് രക്ഷപ്പെട്ട അസ്‌ലം പറഞ്ഞത്. ''പശുക്കളെയും തെളിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയായിരുന്നു അക്ബർ. ആകാശത്തേക്ക് വെടിവെച്ചു കൊണ്ട് അക്രമിസംഘമെത്തി. രണ്ടു പേർ എൻറെ നേരെ ഓടിവന്നു. മറ്റുള്ളവർ അക്ബർ ഖാനെ പിടികൂടി. വയലിൽ ഒളിക്കാൻ കഴിഞ്ഞതുകൊണ്ട് ഞാൻ രക്ഷപെട്ടു. അക്ബറിൻറെ കാൽ തല്ലിയൊടിക്കാനും തല തല്ലിപ്പൊളിക്കാനും അവർ ആക്രോശിക്കുന്നുണ്ടായിരുന്നു'', അന്നു നടന്നതിനെപ്പറ്റി അസ്‌ലം പറഞ്ഞതിങ്ങനെ. 

സംഘത്തിൽ ഏഴു പേർ ഉണ്ടായിരുന്നതായാണ് അസ്‌ലം പറഞ്ഞത്. ഇതിൽ അഞ്ചു പേരുടെ പേരുകൾ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

പൊലീസും പ്രതിക്കൂട്ടില്‍

ആള്‍ക്കൂട്ടക്കൊല്ലയില്‍ പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കിയും വിവരങ്ങൾ പുറത്തു വന്നു. പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ്  റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുവെന്നാണ് വിവരം.

പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും പൊലീസുകാർ ചായ കുടിക്കുകയും ചെയ്ത ശേഷമാണ് അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു.ഇതിനിടെ അക്ബര്‍ സ്ഥിരം പശുക്കള്ളനാണെന്നും രാജസ്ഥാനിലെ പൊലീസാണ് കസ്റ്റഡിയില്‍ അദ്ദേഹത്തെ കൊന്നതെന്നും ആകോപിച്ച് ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജ രംഗത്തെത്തി.

സംഭവത്തില്‍മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12,41 ആയപ്പോൾ പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവർ സ്ഥലത്തെത്തി. കിഷോര്‍എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയിൽ മുങ്ങി കിടന്ന അക്ബറിനെ അവർ ആദ്യം കുളിപ്പിക്കുകയാണ് ചെയ്തത്. 

പിന്നീട് കിഷോറിന്റെ വീട്ടിലെത്തി പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം ഏർപ്പാടാക്കി. അതിനുശേഷം വാഹനം നിർത്തിയത് ചായക്കടയുടെ മുന്നിലാണ്. അക്ബർ വേദന കൊണ്ട് പുളയുകയായിരുന്നു അപ്പോൾ. അതു കേട്ടിട്ടും ചായ ആവശ്യപ്പെട്ടിട്ട് പശുക്കളെ കൊണ്ടു പോകുന്ന വണ്ടി കാത്ത് അവർ അവിടെ കുറേ നേരം നിന്നു.

പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ അക്ബറിനെ വകവയ്ക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയിൽ കൊണ്ടാക്കാൻ മുൻകൈ എടുക്കുകയായിരുന്നു. വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നിട്ടും ഇത് സംഭവിച്ചുവെന്നാണ് ഡോക്ടർ പറയുന്നത്.