burari-death

രാജ്യത്തിനെ നടുക്കിയ ബുരാരി കൂട്ടമരണത്തിന്‍റെ ചുരുളഴിച്ച് കൂടുതല്‍ വിവരങ്ങള്‍ അനുദിനം പുറത്തെത്തുന്നു. സംഭവത്തിന്റെ സൂത്രധാരൻ എന്നു ഡൽഹി ക്രൈബ്രാഞ്ച് അന്വേഷണസംഘം കരുതുന്ന ലളിത് ഭാട്ടിയ ശവപ്പറമ്പുകളിലെയും നിഗൂഢതകൾ നിറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും നിത്യ സന്ദർശകനായിരുന്നു. 10 വർഷം മുമ്പ് സംഭവിച്ച ഭാട്ടിയയുടെ പിതാവിന്റെ മരണമാണ് ഇതിന് കാരണം. ഇത്ര കാലവും ആത്മാക്കളെ തേടി നടക്കുകയായിരുന്നു ഭാട്ടിയ എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 

ഭാട്ടിയയുടെ വസതിയിൽ നിന്നും ലഭിച്ച രജിസ്റ്ററിൽ നിന്നുമാണ് ഈ വിവരം ലഭിച്ചത്. മരിച്ച 11 പേരിൽ ഒരാളായ പ്രിയങ്കയുടെ കൈപ്പടയിലാണ് രജിസ്റ്റർ തയാറാക്കിയിരിക്കുന്നത്. പ്രേതപിശാചുക്കളെക്കുറിച്ച് ഉള്ളടക്കം വരുന്ന ഒരു ഫെയ്സ്ബുക്ക് പേജ് പ്രിയങ്ക ലൈക്ക് ചെയ്തിരുന്നതായും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ലളിത് ഭാട്ടിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. 

ലളിത് ഭാട്ടിയയെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ശേഖരിച്ച് വരികയാണ് അന്വേഷണസംഘം. ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചുവെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. 

പ്രിയങ്കയുടെ വിവാഹനിശ്ചയത്തിനായെത്തിയ 13 പേരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ജൂൺ 14നാണ് ബുരാരിയിൽ എത്തിയത്. 10 ദിവസം ഭാട്ടിയ കുടുംബത്തിനൊപ്പം താമസിച്ചിരുന്നു. 16നായിരുന്നു വിവാഹ നിശ്ചയം.  ഇവർ മടങ്ങിയതിന് ശേഷം 24ന്  'ആത്മഹത്യ ചടങ്ങ്' നടത്തി.  അസാധാരണമായ എന്തോ നടക്കുന്നതായുള്ള ചില സൂചനകൾ ലഭിച്ചിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദിനചര്യകൾ വിചിത്രമായിരുന്നുവെന്നുമാണ് ഇവർ നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.