burari-family-cctv

വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമാണ് നിർണായക തെളിവായത്. സംഭവത്തിൽ പന്ത്രണ്ടാമതൊരാളുടെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയതും ഈ തെളിവുകളില്‍ നിന്നാണ്. ആത്മഹത്യ ചെയ്യാനായിരുന്നില്ല കുടുംബത്തിന്റെ ഉദ്ദേശ്യമെന്നും മോക്ഷപ്രാപ്തിക്ക് വേണ്ടിയായിരുന്നു ക്രിയയെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം ഭാട്ടിയ കുടുംബത്തിനടുത്തുള്ള വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വീണ്ടെടുത്തു. അന്തിമക്രിയക്കായി ഭാട്ടിയ കുടുംബം ഒരുങ്ങുന്നത് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അവസാനദിവസത്തിന് തൊട്ടുമുൻപുള്ള ആ അ‍ഞ്ച് ദിനങ്ങൾ ഭാട്ടിയ കുടുംബം ചെലവഴിച്ചത് ഇങ്ങനെ; 

ജൂൺ 26: കുടുംബത്തിലെ മൂത്ത മരുമകൾ സവിത പൂജക്ക് വേണ്ട താലവും മറ്റ് സാധനങ്ങളും ഒരുക്കുന്നു.

ജൂൺ 27: സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഭാട്ടിയ കറുത്ത തുണിയും ബാൻഡെയിഡും വാങ്ങിവരുന്നു. ഇവ ഉപയോഗിച്ചാണ് മുഖവും ചെവിയും കണ്ണുകളും മൂടിക്കെട്ടിയത്. 

ജൂൺ 28: ലളിത് ഭാട്ടിയ ഒറ്റക്ക് പുറത്തുപോകുന്നു. തിരിച്ചുവരുമ്പോൾ കയ്യിൽ വലിയ രണ്ട് ബാഗുകൾ. പൂജക്കുള്ള സാധനങ്ങൾ ഒരു ബാഗിൽ കാണാം. 

burari-crime

ജൂൺ 29: കുടുംബത്തിലെ മൂത്ത മകൻ ഭവ്നേഷ് പുരോഹിതനെ കണ്ട് പൂജക്കുവേണ്ട സാധനങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കുന്നു. ജൂൺ 30നും ഭവ്നേഷ് ഇതേ പുരോഹിതനെ കണ്ടിരുന്നു. 

ജൂൺ 30: രാത്രി പത്ത് മണിയോട് സവിതയും മകൾ നീതുവും ചേർന്ന് അഞ്ച് സ്റ്റൂളുകൾ കൊണ്ടുവരുന്നു. അന്ന് രാത്രിയാണ് സംഭവം നടക്കുന്നത്. 

ജൂലൈ ഒന്നിന് പുലർച്ചെ ഒരു മണിയോടെയാണ് 11 പേരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. 10 പേരും വീടിനകത്തെ ഗ്രില്ലിൽ തൂങ്ങിനിന്ന നിലയിലായിരുന്നു. നാരായൺദേവിയെ മാത്രം കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. 

മാനസിക വിഭ്രാന്തിയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസിന്റെ ചുരുളഴിക്കാൻ കുടുംബത്തിന്റെ മനശാസ്ത്ര പോസ്റ്റുമോർട്ടം നടത്തുകയാണ് പൊലീസ്. പ്രിയങ്ക ഭാട്ടിയയുടെ വിവാഹനിശ്ചയചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിൽ താമസിച്ച 13 പേരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ജൂൺ 17നായിരുന്നു വിവാഹനിശ്ചയം. ജൂൺ 23നാണ് അതിഥികൾ മടങ്ങിയത്.