ഡൽഹിയിലെ ബുരാരിയിൽ 11 പേരുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ കേസന്വേഷകരെ ഏറെ കുഴക്കുകയാണ് അക്കങ്ങളുടെ കളി. സംഭവത്തിൽ 11 എന്ന നമ്പറിന് എന്താണ് ഇത്ര പ്രാധാന്യം? പ്രാധാന്യമുണ്ട്. എന്നാല്‍ ഇപ്പോഴും അത് ദുരൂഹമായിത്തന്നെ തുടരുകയാണ്.
മരിച്ചത് 11 പേർ, കണ്ടെത്തിയത് 11 ഡയറിക്കുറിപ്പുകൾ, ഡയറി എഴുതിത്തുടങ്ങിയിട്ട് 11 വർഷം, വീടിനോടു ചേർന്നുള്ള ഭിത്തിയിൽ കണ്ടെത്തിയത് 11 പൈപ്പുകള്‍. എന്നാൽ ഇവരുടെ മരണത്തിൽ 11 എന്ന സംഖ്യക്കുള്ള പങ്ക് കണ്ടെത്താൻ ഇതുവരെ പൊലീസിന് ആയിട്ടില്ല.
കുടുംബാഗമായ പ്രിയങ്ക ആയിരുന്നു ഡയറി സൂക്ഷിപ്പുകാരി. ഈ വര്‍ഷം നവംബറിലാണ് പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രിയങ്കക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ കഴിഞ്ഞതൊക്കെ നല്ല ലക്ഷണങ്ങളായാണ് കുടുംബാംഗങ്ങൾ കണ്ടത്. ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമായിരുന്നു വരനെ കണ്ടെത്തിയത്.
ഭാട്ടിയ കുടുംബത്തിൻറെ വീടിൻറെ ഭിത്തിയില്‍ 11 പൈപ്പുകൾ കണ്ടെത്തിയത് പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. മൃതദേഹങ്ങൾ കിടന്നതിനു സമാനമായിട്ടാണു പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നത്. വെള്ളമില്ലാത്ത പൈപ്പുകളാണ് ഇവയോരോന്നും. നാലു പൈപ്പുകൾ വളഞ്ഞിട്ടും നാലു പൈപ്പുകള്‍ നേരെയുമാണ്. ഒരെണ്ണം മറ്റു പൈപ്പുകളിൽ നിന്ന് അകന്ന നിലയിലാണ്. ഈ പൈപ്പുകളെല്ലാം ഭാട്ടിയ കുടുംബത്തിലെ ബാത്റൂമിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് സമീപവാസിയായ കിഷൻ കുമാർ പറയുന്നു.
മോക്ഷപ്രാപ്തി പ്രാപിക്കാനായിരുന്നു കൂട്ടമരണമെന്നു സ്ഥാപിക്കുന്ന ഡയറിയിൽ കുടുംബത്തിലെ എല്ലാവരും എഴുതിയിരുന്നു. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയിൽ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുൻപാണ്. താന്ത്രിക് സ്വഭാവമുള്ള എഴുത്തായിരുന്നു അതെന്ന് പൊലീസ് പറയുന്നു. എങ്ങനെയാണ് മരിക്കേണ്ടത് എന്നതു വിശദീകരിക്കുന്ന കുറിപ്പുകളായിരുന്നു അവ. ഒരു കപ്പിൽ വെളളം നിറക്കണമെന്നും വെള്ളത്തിൻറെ നിറം മാറുമ്പോള്‍ അച്ഛൻ തങ്ങളെ രക്ഷിക്കുമെന്ന് ലളിത് ഡയറിയിൽ എഴുതിയിരുന്നതായും പൊലീസ് പറയുന്നു.
മരണം എങ്ങനെയായിരുന്നു എന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പന്ത്രണ്ടാമത് ഒരാൾക്ക് പങ്കില്ലെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രു സ്ത്രീയും രണ്ട് കുട്ടികളും ചേർന്ന് കൂട്ട ആത്മഹത്യക്കുവേണ്ട സ്റ്റൂളുകളും കയറും അകത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ലളിത് ഭാട്ടിയയുടെ നിർദേശമനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
ജൂൺ 30നു രാവിലെയാണ് ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം(12), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.