gauri-murder-case

രാജ്യം നടുങ്ങിയ കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന ഏറ്റുപറച്ചില്‍. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ‘ആരെയാണു കൊല്ലുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ വിശ്വാസം രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അതു സമ്മതിച്ചു. ചെയ്ത് പോയ തെറ്റില്‍ എനിക്ക് ഇപ്പോൾ  പശ്ചാത്താപമുണ്ട്’. 

ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായ പരശുറാം വാഗ്മർ  പൊലീസിനോടു പറഞ്ഞ വാക്കുകളാണ്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ചയാണ് പരശുറാമിനെ കർണാടകയിലെ വി‍ജയപുരയിൽനിന്ന് അറസ്റ്റു ചെയ്തത്. ഗൗരിയെ കൊല്ലാന്‍ പ്രതികള്‍ക്ക് പ്രത്യേക പരീശീലനങ്ങളും നല്‍കിയിരുന്നു. പ്രതി തന്നെയാണ് കൊലപാതകത്തിന് മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

പ്രതി പറയുന്നു ആ ക്രൂരകൊലപാതകം ഇങ്ങനെ.

ഗൗരി ലങ്കേഷിനെ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പാണ് പ്രതിയും സംഘവും ബെംഗളൂരുവില്‍ എത്തുന്നത്. വെടിവെച്ചു കൊല്ലാനായിരുന്നു പദ്ധതി. ഇതിനായി  എയർഗൺ ഉപയോഗിക്കുന്നതിനു ബെൽഗാവിയിൽനിന്നും പ്രത്യേക പരിശീലനം നേടിയിരുന്നു. സെപ്റ്റംബർ മൂന്നിനു ബെംഗളൂരുവിൽ എത്തിയ പരശുറാമിനെ ഒരാൾ ബൈക്കിലെത്തി ഒരു വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു മണിക്കൂറിനു ശേഷം കൊല്ലേണ്ട ആളുടെ വീട് ബൈക്കിലെത്തി വ്യക്തി കാട്ടിക്കൊടുത്തു. അടുത്ത ദിവസം പരശുറാമിനെ മറ്റൊരു വീട്ടിലേക്ക് മാറ്റി. വൈകുന്നേരം മറ്റൊരാള്‍ ബൈക്കിലെത്തി അദ്ദേഹത്തെ ഗൗരിയുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു തന്നെ കൊല്ലാനായിരുന്നു നിർദേശമെങ്കിലും ഗൗരി ജോലി കഴിഞ്ഞെത്തി വീട്ടിനുള്ളിൽ പ്രവേശിച്ചിരുന്നതിനാൽ പദ്ധതി പരാജയപ്പെട്ടു. പിന്നീട് 2017 സെപ്റ്റംബർ അഞ്ചിന് പ്രതികള്‍ ഗൗരി ലങ്കേഷിനെ  ബെംഗളൂരുവിലെ ആർആർ നഗറിലുള്ള വീടിനു മുൻപിലെ ഗേയ്റ്റിനു സമീപം വച്ച് വകവരുത്തി.  പരശുറാം കയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് ഗൗരിയ്ക്ക് നേരെ നാലു തവണയാണ് വെടിവയ്ച്ചത്.

പരശുറാം വാഗ്മറിന്റെ ഈ കുറ്റമസമ്മതം അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ഗൗരിയെ കൊല്ലാൻ പരശുറാമിനെ സഹായിച്ചുവെന്ന് കരുതുന്ന മൂന്നു പേർക്കുള്ള തിരച്ചിൽ ഊർജിതമാണെന്ന് അവർ പറഞ്ഞു. പരശുറാമിനെ ബെംഗളൂരുവിൽ എത്തിച്ച ആൾ, രണ്ടു ബൈക്കുകാർ എന്നിവർക്കു വേണ്ടിയാണു തിരച്ചിൽ നടത്തുന്നത്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് പരശുറാമിന്റെ മൊഴി. കേസിൽ ഇതിനു മുൻപ് അറസ്റ്റിലായ പുണെ സ്വദേശി അമോൽ കലെ ഈ മൂന്നു പേരിൽ ഉൾപ്പെട്ടിട്ടുണ്ടോ ചോദ്യത്തിനു അന്വേഷണ സംഘം വ്യക്തമായ മറുപടി നൽകിയില്ല.