shahrukh-khan

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബന്ധു പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തക്ക് പിന്നാലെ താരത്തിന് ട്വിറ്ററില്‍ വിമര്‍ശനം. ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിലും കൂറ് പാകിസ്താനോടാണെന്നാണ് ആക്ഷേപം. 

പാകിസ്താനിലെ പെഷാവാറിലെ ഖൈബര്‍ പക്തൂണ്‍ മണ്ഡലത്തിലാണ് ഷാരൂഖിന്റെ അച്ഛന്‍റെ സഹോദരന്‍റെ മകള്‍ നൂര്‍ ജഹാന്‍ മത്സരിക്കാനൊരുങ്ങുന്നത്. വാര്‍ത്തക്ക് പിന്നാലെ ഷാരൂഖും നൂര്‍ ജഹാനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. സഹോദരിയെപ്പോലെ ഷാരൂഖും പാകിസ്താനിലേക്ക് പോകുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. 

ഷാരൂഖിന് നല്‍കുന്ന പിന്തുണ ജനങ്ങള്‍ തനിക്കും നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് നൂര്‍ ജഹാന്‍ മുബൈയില്‍ താരത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും വിമര്‍ശകര്‍ ചോദ്യംചെയ്യുന്നുണ്ട്. 

പാകിസ്താനില്‍ വേരുകളുള്ള പതാന്‍ കുടുംബമാണ് ഷാരൂഖിന്റേത്. തന്റെ ബന്ധുക്കള്‍ അവിടെയുണ്ടെന്ന് താരം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്. പതിനഞ്ച് വയസ്സുള്ളപ്പോള്‍ അച്ഛന്റെ കൂടെ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും തന്റെ മക്കളുടെ കൂടെ ഒരിക്കല്‍കൂടി അവിടെ പോകണമെന്നും ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു.