തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ കാരണം സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന ആരോപണവുമായി ബംഗാളിലെ ബിജെപി ജനപ്രതിനിധികള്‍ ഡല്‍ഹിയില്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ ജയിച്ച നാല്‍പത്  പേരാണ് ബിജെപി നേതാവ് മുകള്‍ റോയിയുടെ ഡല്‍ഹിയിലെ വീട്ടില്‍ കഴിയുന്നത്. ജീവനും സ്വത്തിനും ഉറപ്പ് കിട്ടാതെ ബംഗാളിലേക്ക് തിരിച്ച് പോകില്ലെന്ന് നിലപാടിലാണിവര്‍.

കഴിഞ്ഞ മാസം നടന്ന പ​ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിച്ചതാണ് തൃണമൂലിന്റെ ശത്രുതയ്ക്ക് കാരണമെന്നാണ് ബിജെപി ജനപ്രതിനിധികളുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യംവച്ച  സീറ്റുകള്‍ പിടിച്ചെടുത്തതോടെ തങ്ങളോട് തീരാപകയായി.

എല്ലാ ജനാധിപത്യസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ആരോപണം. 

ബംഗാളില്‍  നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍  ചൂണ്ടിക്കാട്ടി കേന്ദ്രമനുഷ്യാവകാശ കമ്മിഷനിലടക്കം പരാതി നല്‍കിയിരിക്കുകയാണിവര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ അന്‍പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.