ബിജെപിക്കെതിരായ മഹാസഖ്യം എന്നതിന്റെ ഒത്തുചേരലാകും നാളെ കര്‍ണാടകയില്‍ എന്ന് പലയാവര്‍‌ത്തി പറയുമ്പോഴും നിറം കെടുത്തുന്ന വാര്‍ത്തകളും പുറത്തുവരുന്നു. നാളെ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യം അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഒന്നടങ്കം ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്) നേതാവുമായ കെ.ചന്ദ്രശേഖര റാവു വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് റാവു ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന.  ഇന്ന് ബെംഗളൂരുവിലെത്തി അദ്ദേഹം എച്ച്ഡി കുമാരസ്വാമിയെ കാണുമെന്നും സൂചനകളുണ്ട്.

മുഖ്യമന്ത്രിക്ക് ചില ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്തത് എന്നാണ് ചന്ദ്രശേഖര റാവുവിന്റെ ഓഫിസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള കടുത്ത ശത്രുതാ മനോഭാവമാണ് പിന്നിലെന്നും വിവരമുണ്ട്. 

പ്രതിപക്ഷ പാര്‍ട്ടികളുടെ കരുത്ത് പ്രകടമാക്കുന്ന തരത്തിലാകും നാളത്തെ സത്യപ്രതിഞ്ജ ചടങ്ങെന്നാണ് സൂചന.  എല്ലാ പ്രാദേശിക കക്ഷി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ നേതാവ് എംകെ. സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരത്ത് പവാര്‍ തുടങ്ങിയ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. 

എന്നാല്‍ അവസാന നിമിഷം ചന്ദ്രശേഖറ റാവു വിട്ടുനില്‍ക്കുന്നത് നിറം കെടുത്തുമോയെന്ന ആശങ്കയിലാണ് നേതൃത്വം. ഇക്കാര്യത്തില്‍ ചന്ദ്രശേഖര റാവുവുമായി മമതാ ബാനര്‍ജി ചര്‍ച്ച നടത്തുെമന്ന സൂചനകളും പുറത്തുവരുന്നുണ്ട്.