costady-death-up

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മകളെ പീഡിപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം സമരത്തിലായിരുന്നു.  ഇന്നലെയാണ് യുവതിയും കുടുംബവും യോഗിയുടെ വീടിനുമുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഉനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാകത്തതിെന തുടർന്നാണ് യുവതിയും കുടുംബവും മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമച്ചത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയാണ് യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. 

suicideattempt

വയറുവേദനയെ തുടർന്ന് ഇയാളെ ഇന്നലെ രാത്രി പൊലീസുകാർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യുവതിയുടെ പിതാവിനെ മർദിച്ച നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സാധാരണ മരണമാണെന്നാണ് പൊലീസിന്റെ വാദമെങ്കിലും കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.

ഇന്നലെ നടന്ന ആത്മഹത്യാശ്രമത്തെ കുറിച്ചോ യുവതിയുടെ പിതാവിന്റെ മരണത്തെ സംബന്ധിച്ചോ ഇതുവരെ യോഗി നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.