aishwarya-rai-2

 

ആര്‍ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്തമകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന തേജ്പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചു മകളും മുൻ മന്ത്രി ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയാണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ. ബിഹാറിൽ മഹാ സഖ്യം അധികാരത്തിലേറിയപ്പോൾ ഗതാഗത മന്ത്രിയായിരുന്നു ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായി. ലാലു പ്രസാദ് യാദവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഇദ്ദേഹം. ബിഹാറിലെ ആദ്യ യാദവ മുഖ്യമന്ത്രിയായിരുന്നു ദരോഗ റായി. 

 

ഇരുവരുടെയും വിവാഹനിശ്ചയം ഏപ്രില്‍ 18 നും വിവാഹം മെയ് 12 നു പാട്നയില്‍ വെച്ചു നടത്തുമെന്ന് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് വ്യക്തമാക്കി. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് തേജ്പ്രതാപ് യാദവ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വൈശാലിയിലെ മാഹുവയില്‍ നിന്ന്  തേജ്പ്രതാപ് യാദവ് വിജയിച്ചു. ചന്ദ്രിക റായിയുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ് നിയമ വിദ്യാർഥിയുമാണ്.

tej-prathap-yadav

 

അതേസമയം കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ  വിവാഹത്തിൽ പങ്കെടുക്കുന്നതിന് പരോളിന് ശ്രമിക്കുമെന്നും ലാലുവിന്റെ രണ്ടാമത്തെ മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് പറഞ്ഞു.

ജിപിസിയെന്നാണ് ഐശ്വര്യയുടെ ചെല്ലപ്പേര്. ഈ പേര് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. ചാറ്റൽ മഴയുള്ള ദിവസമാണ് ഐശ്വര്യ ജനിച്ചത്. ബിഹാറിൽ ചാറ്റൽ മഴയ്ക്ക് ജിപ്സിയെന്നാണ് പറയുന്നത്. ഇങ്ങനെയാണ് ഐശ്വര്യ വീട്ടുകാരുടെ ജിപ്സിയായത്. ബിഹാറിലെ നോട്ടർ‍ഡാം അക്കാദമിയിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഡൽഹിയിലാണ് ബിരുദവും എംബിഎയും പൂർത്തിയാക്കിയത്. രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച ഐശ്വര്യ വിവാഹശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങാനും സാധ്യതയുണ്ടെന്ന് ലാലു കുടുംബത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.