ദയാവധം നിയമവിധേയമാക്കിയ സുപ്രീംകോടതി ഉത്തരവോടെ പതിറ്റാണ്ടുകള്‍ നീണ്ട ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് അവസാനമാകുന്നത്. അരുണ ഷാന്‍ ബാഗ്, ഗ്യാന്‍ കൗര്‍ കേസുകളിലെ വ്യക്തിപരമായ വിധികളായിരുന്നു ഇതുവരെ കീഴ്‍വഴക്കമായിരുന്നത്. എന്നാല്‍, ദയാവധം സംബന്ധിച്ച് ഇനിയുള്ള എല്ലാ കേസുകളിലും അന്തിമതീരുമാനമെടുക്കുന്നത് ഇന്നത്തെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.
1973 നവംബര്‍ 27 ന് ക്രൂരമാനഭംഗത്തിനിരയായി 42 വര്‍ഷം കോമയില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശിയായ നഴ്സ് അരുണ ഷാന്‍ബാഗിന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഭക്ഷണവും ചികില്‍സയും നിര്‍ത്തലാക്കി ദയാവധത്തിന്‍റെ മാര്‍ഗം സ്വീകരിക്കേണ്ടത് ആശുപത്രി അധികൃതരാണെന്നായിരുന്നു 2014 മാര്‍ച്ച് ഏഴിലെ സുപ്രീംകോടതി വിധി. എന്നാല്‍, അരുണയെ മരണത്തിലേക്ക് തള്ളിവിടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. ഒടുവില്‍ ന്യുമോണിയ ബാധിച്ച് 2015 മെയ് 18 ലായിരുന്നു അരുണ ഷാന്‍ ബാഗിന്‍റെ മരണം. പഞ്ചാബ്കാരി ഗ്യാന്‍ കൗറിന് 1996 ല്‍ ദയാവധത്തിനുള്ള അവകാശം നിഷേധിച്ച കോടതി, ജീവിക്കാനുള്ള മൗലീകാവകാശത്തില്‍ ദയാവധം ഉള്‍പ്പെടില്ലെന്നായിരുന്ന് വ്യക്തമാക്കിയിരുന്നു. ദയാവധത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ ഏറ്റവും ഉയര്‍ന്നുകേട്ടതും അരുണയുടേയും ഗ്യാന്‍ കൗറിന്‍റേയും പേരുകളും അതുമായി ബന്ധപ്പെട്ട കോടതി വിധികളുമായിരുന്നു. വ്യക്തിപരമായ വിധികള്‍ക്ക് പകരം എല്ലാവര്‍ക്കും ബാധകമാകുന്ന പുതിയ കോടതി വിധി പുറത്തുവന്നതോടെ, നിലവില്‍ ദയാവധത്തിനുള്ള അനുമതി തേടി, രാജ്യത്തെ കോടതികളുടേയും രാഷ്ട്രപതിയുടേയും മുന്നിലുള്ള എല്ലാ ഹര്‍ജികളിലും ഇനി ഇന്നത്തെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുന്നത്. അതേസമയം, അമേരിക്ക, കാനഡ, മെക്സിക്കോ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. ധാര്‍മികത ഉയര്‍ത്തി ഏഷ്യന്‍ രാജ്യങ്ങളാണ് ദയാവധത്തിന് എതിരുനിന്നിരുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളിലും ഇന്നത്തെ വിധിയുടെ അന്തസത്ത വാദപ്രതിവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നുറപ്പാണ്.