New Delhi: Union Minister and Congress leader Kapil Sibal addresses a press conference in New Delhi on Saturday. PTI Photo (PTI3_22_2014_000112A)
സൊഹ്റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണത്തില്‍ സുപ്രീംകോടതി സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ കപില്‍ സിബല്‍. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കണം. കേസില്‍ ആദ്യാവസാനം ഒരു ജഡ്ജി തന്നെ വാദംകേള്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെട്ടതും അന്വേഷിക്കണമെന്ന് കപില്‍ സിബല്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസില്‍ വാദംകേട്ട സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ദ കാരവന്‍ മാസികയിലൂടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കപില്‍ സിബല്‍ പറയുന്നു. സംശയങ്ങള്‍ ദൂരീകരിക്കാനും സത്യം കണ്ടെത്താനും സി.ബി.ഐ. അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോര. പ്രത്യേക അന്വേഷണസംഘത്തിനു സുപ്രീംകോടതി തന്നെ രൂപം നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തിരഞ്ഞെടുക്കണം. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
'നിലവിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കരുത്. പ്രത്യേക അന്വേഷണസംഘം വേണം. സുപ്രീംകോടതി ജഡ്ജിമാര്‍ അന്വേഷണസംഘത്തെ തിരഞ്ഞെടുക്കണം. 2ജി കേസില്‍ സുപ്രീംകോടതിക്ക് വിശ്വാസ്യതയുള്ള പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. അതുപോലെ സുപ്രീംകോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഈ കേസില്‍ മേല്‍നോട്ടം വഹിക്കണം' സിബല്‍ ആവശ്യപ്പെട്ടു.
കേസില്‍ ആദ്യംവാദം കേട്ട ജഡ്ജിയെ മാറ്റിയത് സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനമാണ്. ബി.എച്ച്.ലോയ താമസിച്ച നാഗ്പൂരിലെ രവിഭവനിലെ റജിസ്റ്ററില്‍ തിരിമറി നടന്നെന്ന ആക്ഷേപവും പൊലീസ് അന്വേഷണത്തിലെ വീഴ്ചകളും അടക്കം എല്ലാവിഷയങ്ങളും പ്രത്യേകസംഘം അന്വേഷിക്കണം.
കേസില്‍ വാദംകേട്ട ജഡ്ജിയെ മാറ്റാനുള്ള തീരുമാനം അന്നത്തെ ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്തുകൊണ്ടാണ് അംഗീകരിച്ചത്. സി.ബി.ഐ. ഈ വിഷയം എന്തുകൊണ്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന ജഡ്ജിമാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഈ വിഷയത്തില്‍ മൗനംപാലിക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 470 അഭിഭാഷകര്‍ ബി.എച്ച്. ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കും സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കും നിവേദനം നല്‍കി.