കച്ചിലെ ഉപ്പുപാടങ്ങളില്‍ വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം. കുടിവെള്ള പ്രതിസന്ധി പരിഹരിച്ചത് ബിജെപി സര്‍ക്കാരാണെന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാനായത് ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നു. പക്ഷെ അധ്വാനവും ആരോഗ്യവും ഉപ്പുപാടങ്ങളില്‍ ഹോമിക്കുന്ന ഒരുകൂട്ടം ആളുകള്‍ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ടൊരു ജീവിതമാണ്.
രാജ്യത്തെ ഉപ്പുല്‍പാദനത്തിന്‍റെ എഴുപത്തിയാറ് ശതമാനവും ഗുജറാത്തിലാണ്. ഗുജറാത്തിലെ ഉപ്പുപാടങ്ങളില്‍ ഭൂരിഭാഗവും അതിര്‍ത്തി ജില്ലയായ കച്ചില്‍. ദലിത് വിഭാഗത്തില്‍പ്പെട്ട അഗരിയകളാണ് നൂറ്റാണ്ടുകളായി കച്ചിലെ വെളുത്ത മരുഭൂമിയില്‍ പണിയെടുക്കുന്നത്. ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പോലും കഴിയാത്ത അവസ്ഥ. ജാതീയവിവേചനങ്ങള്‍ക്കൊപ്പം ഉപ്പുമായുള്ള നിരന്തര സമ്പർക്കം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അഗരിയകളുടെ ജീവിതം ദുരിതം നിറഞ്ഞതാക്കുന്നു. കാഴ്ച്ച നഷ്ടപെടുന്നു. ത്വക് രോഗങ്ങള്‍ക്ക് ഇരകളാകുന്നു. പ്രതിരോധിക്കാന്‍ സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല.
ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല. പാട വരമ്പുകളിലെ ഒറ്റമുറികുടിലുകളിലാണ് ജീവിതം. മഴക്കാലത്ത് ഉപ്പുപാടത്തെ വെള്ളക്കെട്ടിനു നടുവില്‍ നിസ്സഹായതയോടെ കഴിയണം.കുടിവെള്ളം പ്രതിസന്ധിയാണ്. കച്ചില്‍ വികസനം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം.