.
പുതിയൊരു ചുഴലിക്കാറ്റ് കരതൊടാന്‍ അടുത്തു വരികയാണ്. ‘അക്വാന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മണിക്കൂറില്‍ മൂന്ന് കിലോമീറ്ററിനും എട്ട് കിലോമീറ്ററിനും ഇടയിലുള്ള വേഗത്തില്‍ വളരെ സാവധാനമാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്നത്. ഒരു ചുഴലിക്കാറ്റിന്റെ വേഗത മാത്രം വെച്ച് നാശനഷ്ടമുണ്ടാക്കാനുള്ള ശേഷി നിര്ണയിക്കാനാകില്ല. എന്നാല്‍ കാറ്റിന്റെ സഞ്ചാരവേഗം പെയ്യാനിടയുള്ള മഴയെയും . വെള്ളപ്പൊക്ക സാധ്യതയെയും സ്വാധീനിച്ചേക്കാം. നവംബർ 20 വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് ‘അക്വാന്‍’ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശിന് പുറമെ അയൽ സംസ്ഥാനങ്ങളായ തെലങ്കാനയിലും ഒഡീഷയിലും ഇതിനോടകം ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
കൊടുങ്കാറ്റിന്റെ വേഗതയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് പരാമര്‍ശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യമുയരുന്നത്. സാവധാനം നീങ്ങുന്ന ഒരു കൊടുങ്കാറ്റ് അത് കടന്നുപോകുന്ന പ്രദേശങ്ങളെ എങ്ങനെ ബാധിക്കും എന്ന സംശയം ഗൗരവമുള്ളതാണ്. 'ജേണൽ ഓഫ് ഹൈഡ്രോമെറ്റിയോറോളജി'യിൽ 2021-ൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2010-നും 2019-നും ഇടയിൽ കരയിലേക്ക് പ്രവേശിച്ച 280 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെക്കുറിച്ച് പരിശോധിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗതയും അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ തീവ്രതയും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്നാണ് ഈ ഗവേഷണം കണ്ടെത്തിയത്. സാവധാനം കടന്നുപോകുന്ന കൊടുങ്കാറ്റുകള്‍ കടന്നുപോകുന്ന ഇടങ്ങളില്‍ കൂടുതല്‍ മഴ പെയ്യിക്കുകയും അതുവഴി നദികളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം കണ്ടെത്തി. ഇതിന്റെ കാരണം ലളിതമാണ്, ചുഴലിക്കാറ്റ് ഒരു പ്രദേശത്ത് നിന്ന് നീങ്ങിപ്പോകാൻ കൂടുതൽ സമയം എടുക്കുമ്പോൾ അതിന്റെ സ്വാധീനം ദീര്‍ഘനേരം ഒരേ പ്രദേശത്ത് തുടരുകയും അവിടെ മഴയും വെള്ളപ്പൊക്കവും തുടരാന്‍ കാരണമാകുകയും ചെയ്യും. ചുഴലിക്കാറ്റിനൊപ്പം ലഭിക്കുന്ന ആകെ മഴയുടെ അളവ് വെള്ളപ്പൊക്കത്തിന്റെ തീവ്രതയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് ഈ പഠനം കണ്ടെത്തി.
ചുഴലിക്കാറ്റിന്റെ വലിപ്പവും തീവ്രതയും, മണ്ണിലെ ഈർപ്പത്തിന്റെ അളവ്, ബാധിക്കപ്പെട്ട പ്രദേശത്തിന്റെ ഭൂപ്രകൃതി എന്നിവയാണ് മറ്റ് ഘടകങ്ങൾ. താരതമ്യേന ശക്തി കുറഞ്ഞ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ പോലും ഗുരുതരമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരു ചുഴലിക്കാറ്റിന്റെ വേഗതയെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണം മാത്രം നോക്കി അതിന്റെ വെള്ളപ്പൊക്ക സാധ്യത നിർണയിക്കാനാവില്ല. അതേസമയം 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സഞ്ചാരവേഗത കൂടുമ്പോൾ അവയിൽ നിന്നുള്ള ശരാശരി മഴയുടെ അളവും വർദ്ധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സാവധാനം നീങ്ങുന്ന ചുഴലിക്കാറ്റുകളെ അപേക്ഷിച്ച്, വേഗത്തിൽ നീങ്ങുന്ന ചുഴലിക്കാറ്റുകളിൽ ശരാശരി 24 ശതമാനത്തോളം കൂടുതൽ മഴ ലഭിക്കുന്നുണ്ടെന്നായിരുന്നു ഈ പഠനം. പക്ഷേ സാവധാനം നീങ്ങുന്ന ഒരു ചുഴലിക്കാറ്റിന് ഒരേ പ്രദേശത്ത് കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്നതിനാൽ ശരാശരി മഴയുടെ അളവ് കുറവാണെങ്കിലും അവിടെ ലഭിക്കുന്ന ആകെ മഴയുടെ അളവ് കൂടുതലായിരിക്കും. ചുരുക്കത്തിൽ ഒരു ചുഴലിക്കാറ്റിന്റെ വേഗതയേക്കാൾ അതിന്റെ തീവ്രത, വലിപ്പം, മഴയുടെ വിതരണം, സഞ്ചാരപാത, ചുറ്റുമുള്ള കാലാവസ്ഥാ ഘടകങ്ങളുമായുള്ള ഇടപെടൽ എന്നിവയാണ് അത് വരുത്തുന്ന നാശനഷ്ടങ്ങളെ നിർണയിക്കുക.
‘അക്വാൻ' ചുഴലിക്കാറ്റിന്റെ കാര്യത്തിൽ കാലാവസ്ഥാ നിരീക്ഷകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് തുടർച്ചയായി മൂന്ന് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടുവരുന്നു എന്നതാണ്. ഒക്ടോബർ 28-ന് 'അർണാബ്' ചുഴലിക്കാറ്റ് നർസാപൂരിന് സമീപം ആന്ധ്രാപ്രദേശ്-യാനം തീരത്ത് കരതൊട്ടിരുന്നു. ഇതിനു പിന്നാലെ നവംബർ 3-ന് 'മുരാസു' ചുഴലിക്കാറ്റ് ഒംഗോളിന് സമീപം തെക്കൻ ആന്ധ്രാ തീരത്ത് കരതൊട്ടു. കാലാവസ്ഥാപരമായി നോക്കുമ്പോള്‍ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ അനുകൂലമാണ്. എന്നാൽ തുടർച്ചയായി മൂന്ന് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് സമുദ്രത്തിലെ താപനില കൂടുന്നു എന്നതിലേക്കും 'എൽ-നിനോ' പ്രതിഭാസത്തിന്റെ സ്വാധീനത്തിലേക്കും വിരൽ ചൂണ്ടുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് എൽ-നിനോ മൂലമുള്ള താപനിലയിലെ വര്‍ദ്ധന ഡിസംബറോടെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് മുന്നറിയിപ്പ്. 1976-ലും 1987-ലും ആന്ധ്രാപ്രദേശിൽ ഒരു മാസത്തിനുള്ളിൽ മൂന്ന് ചുഴലിക്കാറ്റുകൾ ഉണ്ടായപ്പോഴും എൽ-നിനോയുടെ സ്വാധീനം പ്രകടമായിരുന്നു.