Image Credit: Reuters

Image Credit: Reuters

  • ജനിതക മാറ്റം വരുത്തിയ പഴവർഗ്ഗങ്ങളുടെ വിപണിമൂല്യം നിലവിലുള്ളതിന്‍റെ ഇരട്ടിയാകും. ഇത്തരം ഹൈബ്രിഡ്പഴവർഗ്ഗങ്ങൾ ഒരിക്കലും ഒരു വിപത്തല്ല. എങ്കിലും ഈ സങ്കരയിനങ്ങൾ വിപണി കീഴടക്കി കഴിയുമ്പോൾ അതിനൊപ്പം പിടിച്ചുനിൽക്കാൻ പാരമ്പര്യ വിത്തുകൾക്ക് സാധിക്കാതെ വരും

കടിച്ചുതുപ്പിയ ഓരോ  കുരുവും മരമാകാൻ മനുഷ്യൻ കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് വിത്തുണ്ട്, മരങ്ങളുമുണ്ട്. പക്ഷേ അവ മച്ചികളെ പോലെയാണ്.  വിത്തുകളിൽ നാം ഒരു കാലത്തു കണ്ടിരുന്ന ജീവനുകളില്ല. മാറ്റിമറിക്കപ്പെട്ട  ജീനുകളേയുള്ളു.  മനുഷ്യർ കാലത്തിനൊപ്പം സഞ്ചരിക്കുക‌യാണ്. വിത്തുകളും അവർക്കൊപ്പം സഞ്ചരിക്കുന്നു.  തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു വിഴുങ്ങിയാൽ വയറ്റിൽ ചെടി മുളയ്ക്കുമോ എന്ന സംശയം മുമ്പുണ്ടായിരുന്നു. എന്നാൽ പുതുതലമുറയിലെ കുട്ടികൾക്ക് അത്തരമൊരു സംശയം ഉണ്ടാകാൻ സാധ്യത കുറവാണ്.വിപണികളിൽ വിത്തുകളില്ലാത്ത തണ്ണിമത്തനും പപ്പായയുമെല്ലാം ലഭ്യമാണ്. ഇത്തരത്തിൽ വിത്തുകൾ ഇല്ലാത്ത പഴവർഗങ്ങൾ ആസ്വദിക്കുമ്പോൾ അവ ഏറ്റു വാങ്ങാൻ മണ്ണിന് അവകാശമില്ല. ചെറു ലാഭങ്ങൾ മൂലം നമുക്ക് നഷ്ടമാകുന്നത് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം തന്നെയാണ്

ഓരോ വിളവെടുപ്പിനുശേഷവും കർഷകൻ ആദ്യം മാറ്റിവച്ചത് അടുത്ത വിളയ്ക്കുള്ള വിത്തുകളായിരുന്നു. അമ്മ മകൾക്ക് പറമ്പിലെ ഏറ്റവും നല്ല വിത്തുകൾ തുണിയിൽ പൊതിഞ്ഞ് കൊടുത്തിരുന്നു. വിത്തുകൾക്ക് പാട്ടുണ്ടായിരുന്നു. അവ വിതയ്ക്കുമ്പോൾ  മനുഷ്യൻ മനം നിറഞ്ഞ് പാടിയിരുന്നു. ആ പാട്ട് ഏറ്റുവാങ്ങി മണ്ണ് സന്തോഷിച്ചിരുന്നു.

മണ്ണിനെ മനുഷ്യൻ ഊറ്റിയെടുത്ത് ഊഷരമാക്കിയപ്പോൾ  വിളവു കൂട്ടാന്‍  പുതിയ കണ്ടുപിടുത്തങ്ങളെത്തി. മണ്ണിന് സമൃദ്ധിയുണ്ടാക്കുന്നതിനു പകരം അവ  വിളകളെ സമൃദ്ധമാക്കി.  പട്ടിണി അകറ്റി.  മാർക്കറ്റ് റിപ്പോർട്ട്സ് വേൾഡ് എന്ന സംഘടന ഈ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ വിത്തില്ലാത്ത തണ്ണിമത്തന്‍റെ  വിപണി മൂല്യം എന്ന് പറയുന്നത് 5600 കോടിയാണ്. അത് 2035 ആകുമ്പോഴേക്കും ആഗോളതലത്തിൽ 12400 കോടിയായി വളരും എന്നാണ് പറയുന്നത്. ജനിതക മാറ്റം വരുത്തിയ പഴവർഗ്ഗങ്ങളുടെ വിപണിമൂല്യം നിലവിലുള്ളതിന്‍റെ ഇരട്ടിയാകും.  ഇത്തരം ഹൈബ്രിഡ് അഥവാ സങ്കരയിനം പഴവർഗ്ഗങ്ങൾ ഒരിക്കലും ഒരു വിപത്തല്ല. എങ്കിലും ഈ സങ്കരയിനങ്ങൾ വിപണി കീഴടക്കി കഴിയുമ്പോൾ അതിനൊപ്പം പിടിച്ചുനിൽക്കാൻ പാരമ്പര്യ വിത്തുകൾക്ക് സാധിക്കാതെ വരും.

ഇന്ന് ഓരോ സീസണിലും കർഷകൻ കടകൾക്കു മുമ്പിൽ വിത്തിനായി കാത്തുനിൽക്കുന്നു. വിളകൾ ഇന്ന് വാടക ഗർഭപാത്രങ്ങളാണ്.  സ്വന്തമായി ഗർഭം ധരിക്കാൻ ഇന്ന്  വിളകൾക്കു കഴിയുന്നില്ല. പരമ്പരാഗത വിളകൾ പതിയെ വംശനാശത്തിലേയ്ക്ക് നീങ്ങുന്നു.. ഹൈബ്രിഡ്  ഇനങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയിലാണ് നാം. യു എസ് ഡി എ (USDA) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മുന്തിരിയുടെ 55 ശതമാനത്തിലധികവും സീഡ് ലെസ് അഥവാ വിത്തില്ലാത്ത മുന്തിരിയാണ്. കഴിക്കാൻ  എളുപ്പമായതിനാൽ വിത്തുകൾ ഇല്ലാത്ത പഴ വർഗ്ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാടൻ വിത്തുകളുടെ പഴവർഗങ്ങൾക്ക് അങ്ങാടിയിൽ ആവശ്യക്കാർ ഇല്ലാതാകും. അതോടെ കർഷകർ സ്വാഭാവികമായും ജനിതകമാറ്റം വന്ന വിത്തുകളിലേയ്ക്കും തൈകളിലേയ്ക്കും  മാറാൻ നിർബന്ധിതരാകും. അതോടുകൂടി നാടൻ ഇനങ്ങൾക്ക് വംശനാശം സംഭവിക്കും.

 സീഡ് ലെസ്  പഴവർഗ്ഗങ്ങൾ പ്രധാനമായും മൂന്ന് ശാസ്ത്രീയ രീതികളിലൂടെയാണ് രൂപം കൊള്ളുന്നത്. പാർഥെനോകാർപി (Parthenocarpy ), സ്റ്റെനോസ്പെർമോകാർപി (Stenospermocarpy), ക്രോമസോം മാറ്റങ്ങൾ / ഹൈബ്രിഡൈസേഷൻ (Triploidy), സസ്യ ഹോർമോണുകളുടെ പ്രയോഗം (Hormonal Spraying)

 ബീജസങ്കലനം  കൂടാതെ ഇന്ന് പഴങ്ങൾ ഉണ്ടാകും. വിത്തിന്‍റെ വളർച്ച തടയാനും ഈ രീതികളിലൂടെ സാധിക്കും. ചുരുക്കി പറഞ്ഞാൽ  ഒരു തലമുറയെ തന്നെ രൂപപ്പെടുത്താനുള്ള പ്രകൃതിയുടെ പ്രക്രിയയ്ക്കാണ് നാം വിലങ്ങിടുന്നത്.  ഈ വിളകളിലെ കൃത്രിമ ഹോർമോണുകൾ മനുഷ്യ ശരീരത്തിന് ഹാനികരമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ നാസിക്, പുണെ എന്നിവിടങ്ങളിലാണ് വ്യാപകമായി സീഡ്‌ലെസ് (തോംസൺ സീഡ്ലെസ് ) മുന്തിരികൾ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന  പഴവര്‍ഗങ്ങള്‍ ഇന്ത്യയിൽ വിറ്റഴിക്കുന്നതിനൊപ്പം വിദേശത്തേക്ക്  കയറ്റുമതി ചെയ്യാനും  ഉപയോഗിക്കുന്നു.

നഗര സംസ്കാരവും സമയലാഭവും ഉപഭോക്താക്കളെ  വിത്തില്ലാത്ത പഴവർഗ്ഗങ്ങളിലേക്ക് അടുപ്പിക്കുന്നു.  കുട്ടികൾക്ക് പഴങ്ങൾ നൽകുമ്പോൾ അതിന്‍റെ കുരുക്കൾ വിഴുങ്ങുമോ എന്ന് പേടി ഇത്തരം പഴങ്ങൾ കൊണ്ട് മാതാപിതാക്കൾക്ക് ഇല്ലാതാകുന്നു.

 വിപണിയിൽ നാടൻ പഴവർഗങ്ങളേക്കാൾ ഹൈബ്രിഡ് ഇനങ്ങൾക്ക് താൽപര്യം കൂടുന്നതോടുകൂടി കർഷകർ നാടൻ വിത്തുകളെ ഉപേക്ഷിച്ച് ഹൈബ്രിഡ് വിത്തുകളിലേക്ക് മാറും. ഇത്തരം ഹൈബ്രിഡ് പഴങ്ങൾക്ക് വിപണിയിൽ മൂല്യം കൂടുതലുള്ളതുകൊണ്ട് കൂടുതല്‍ ലാഭവും കിട്ടും. പക്ഷേ അടുത്ത കൃഷിയ്ക്ക് വിത്തുകള്‍ക്കായി അവര്‍ക്ക് മറ്റൊരു വ്യക്തിയെ ആശ്രയിക്കേണ്ടി വരും. തനതായ കൃഷി രീതികളും ഇതോടുകൂടി ഇല്ലാതാകും. ഹൈബ്രിഡ് വിത്തുകൾക്ക് അതിന്‍ററേതായ പരിചരണ രീതികളുമുണ്ട്.   കീടങ്ങളുടെ ഉപദ്രവം ഹൈബ്രിഡ് വിത്തുകൾക്ക്  കുറവാണ് . ഈ ഘടകങ്ങളെല്ലാം കർഷകരെ സങ്കരയിനം വിത്തുകളിലേക്ക് ആകർഷിക്കുന്നു.

 ഹൈബ്രിഡ് വിത്തുകൾ കൃഷി ചെയ്യാൻ അതിന്‍റേതായ രീതികളുണ്ട്. കൃത്യമായ രീതിയിൽ രാസവളങ്ങളും കീടനാശിനികളും ഈ വിളകള്‍ക്കും അനിവാര്യമാണ്. ഇത് ദീർഘകാലടിസ്ഥാനത്തിൽ മണ്ണിന്‍റെ ജൈവ സ്വഭാവവും  സ്വാഭാവിക ഫലഭൂയിഷ്ഠതയും നശിപ്പിക്കുന്നു. പിന്നീട് നാടൻ വിത്തുകൾ നടാൻ ശ്രമിച്ചാലും അത്    മുള പൊട്ടാതാകും.  കൂടാതെ രാസവളങ്ങളുടെ ഉപയോഗം മണ്ണിനെയും ജലത്തെയും മലിനമാക്കും. കർഷകർ ആശ്രയിക്കുന്ന ജലസ്രോതസ്സുകളും  ഇങ്ങനെ മലിനമായേക്കാം.           

വിത്തില്ലാത്ത പഴങ്ങളിൽ എല്ലാം പുതിയ കണ്ടുപിടിത്തമല്ല. വാഴപ്പഴം പോലുള്ളവ പണ്ടേ വിത്തില്ലാതെ കന്നുകൊണ്ട് വളർത്തുന്നവയാണ്,. ജനം കുരുവില്ലാത്ത തണ്ണിമത്തനും മുന്തിരിയും ഇഷ്ടപ്പെടുന്നുമുണ്ട്. ഹൈബ്രിഡുകളും ആധുനിക ഇനങ്ങളും വിളവ് കൂട്ടുമെന്നാണ് കമ്പനികളുടെയും പല ശാസ്ത്രജ്ഞരുടെയും വാദം. ഇന്ത്യൻ നിയമങ്ങളും കർഷകർക്ക് സ്വന്തം വിത്ത് സൂക്ഷിക്കാനും കൈമാറാനും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നുണ്ട്. അതിനാൽ ആശങ്കകൾക്ക് പിന്നിലെ യഥാർഥ വിഷയം വിപണിയിലെ കേന്ദ്രീകരണവും ജൈവവൈവിധ്യ നഷ്ടവുമാണ്.

 കൃഷി രീതികൾ മാറുന്നതോടുകൂടി പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു. കൃഷിയിൽ പരാഗണത്തിന് സഹായിച്ചു കൊണ്ടിരുന്ന പൂമ്പാറ്റകളും തേനീച്ചകൾക്കും മറ്റു പ്രാണികൾക്കും ഹൈബ്രിഡ് കൃഷി രീതിയിൽ സ്ഥാനമില്ലാതായി മാറുന്നു. വയനാട്ടിലെ വയലുകളിൽ ഒരിക്കൽ വിളഞ്ഞിരുന്ന പല നെല്ലിനങ്ങളും ഇന്ന് ആരുടെയും ഓർമകളില്‍ പോലുമില്ല.  അവ കാഴ്ചവസ്തുക്കളായി മാറുന്നു. ചെറുവയൽ രാമനെപ്പോലുള്ള ചിലർ ഒരു പിടി വിത്തുകൾ മരണം വരെ നെഞ്ചോടു ചേർത്ത് കാത്തു. ഓരോ വിത്തും ഒരു ജീവനാണെന്ന് അവർക്കറിയാമായിരുന്നു. ഒരു വിത്ത് മണ്ണിൽ ബാക്കിയുള്ളിടത്തോളം ഒരു നാളെയെ  നമുക്കും പ്രതീക്ഷിക്കാം.

ENGLISH SUMMARY:

The growing popularity of seedless fruits and hybrid crops is transforming traditional agriculture, raising concerns about the loss of indigenous seeds and agricultural biodiversity. Fruits such as seedless watermelons, papayas and grapes are increasingly preferred by consumers for their convenience, while farmers are gradually becoming dependent on commercially supplied hybrid seeds. Although modern seedless varieties and hybrids offer advantages such as higher yields, easier consumption and better market value, concerns remain about market concentration, soil health, traditional farming practices and the disappearance of native crop varieties. The article explores the changing relationship between humans, seeds and soil, highlighting the importance of preserving traditional seeds to protect agricultural heritage and biodiversity.