rain-hot

കേരളത്തില്‍ മഴ കനക്കുമോ? അതോ  കാര്യമായ മഴയില്ലാതെ ഈ കാലവര്‍ഷം കടന്നുപോകുമോ? വൈദ്യുതി പ്രതിസന്ധിക്കു പുറമെ കുടിവെള്ളക്ഷാമവും ഉണ്ടാകുമോ? ഇത്തരം അനേകം ആശങ്കകളുടെ മുനമ്പിലാണ് സംസ്ഥാനം. മണ്‍സൂണ്‍ കാലം അവസാനിക്കാന്‍ ഇനി രണ്ടാഴ്ചകൂടി മാത്രമെയുള്ളൂ. നിലവില്‍ 27 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലും മഴ ഗണ്യമായി കുറഞ്ഞു. വയനാട്ടില്‍ 53, ഇടുക്കിയില്‍ 47 ശതമാനം വീതമാണ് മഴ കുറഞ്ഞത്. സെപ്റ്റംബര്‍ അവസാനത്തോടെ കുറച്ചൂ കൂടി മഴ ലഭിക്കാന്‍ ഇടയുണ്ടെന്നാണ് പ്രതീക്ഷ. പക്ഷെ ആവശ്യത്തിനുള്ള മഴ കിട്ടാന്‍ പിന്നെയും കാത്തിരിക്കേണ്ടി വരും.

കാലാവസ്ഥാ മാറ്റത്തിന്റെ നേര്‍ഫലം- ഓഗസ്റ്റില്‍ സാധാരണ അനുഭവപ്പെടുന്നതിനെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍സ്യസ് വരെയാണ് കേരളത്തില്‍ ചൂട് ഉയര്‍ന്നത്. പുനലൂരിലും കോട്ടയത്തും പാലക്കാടുമാണ് ഏറ്റവും ചൂട്. 36 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ചൂട് ഉയര്‍ന്നു. പ്രാദേശിക കാരണങ്ങളെക്കാള്‍ ലോകമെമ്പാടും അനുഭവപ്പെടുന്ന വലിയ കാലാവസ്ഥാ പ്രതിഭാസങ്ങളും കാലാവസ്ഥാ മാറ്റവുമാണ് ഇത്തവണ നമ്മുടെ മണ്‍സൂണിനെ പ്രതികൂലമായി ബാധിച്ചത്.

ഏറ്റവും വലിയ വില്ലന്‍ എല്‍നിനോയാണ്. പസഫിക്ക് സമുദ്രം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് ഇത്. ഹരിതവാതകങ്ങളുടെ സാന്നിധ്യവും അതു സൃഷ്ടിക്കുന്ന താപനിലയുടെ വര്‍ധനയുമാണ് ഇതിന്റെ പ്രധാന കാരണക്കാര്‍. ഭൂമിക്കും കടലിനും ചൂടേറുകയാണെന്ന് നിസ്സംശയം പറയാം. 2016 ഓഗസ്റ്റ് മാസം ഏറ്റവും ചൂടേറിയ മാസങ്ങളുടെ  പട്ടികയിലിടം നേടി. 19ാം നൂറ്റാണ്ടു മുതലുള്ള കാലം കണക്കിലെടുത്താല്‍ ആഗോള താപനില 1.65 ഡിഗ്രി സെല്‍ഷ്യസ്  കൂടിയത് ഈ ഓഗസ്റ്റിലാണ്. 2023 ജൂലൈയിലും ഇതുപോലെ ചൂട് ഉയര്‍ന്നിരുന്നു.

താളം തെറ്റിയ കാലാവസ്ഥ- കടുത്ത ചൂട്, മഴയുടെ അഭാവം എന്നിവയ്‌ക്കൊപ്പം എല്‍നിനോ കൂടിയായപ്പോള്‍ ലോകമെമ്പാടും കാലാവസ്ഥ താളം തെറ്റി. കാട്ടുതീയും മഴയുടെ കുറവും പൊള്ളുന്ന ചൂടുമായി യൂറോപ്പ് വലഞ്ഞു. ചൂടും മഴയും മാറി മാറി അനുഭവിക്കുകയാണ് ഏഷ്യന്‍ രാജ്യങ്ങള്‍. യൂറോപ്പിലെ കാലാവസ്ഥാ പഠനകേന്ദ്രങ്ങളും അമേരിക്കയുടെ  നാഷണല്‍ ഓഷ്യാനിക്ക് അന്‍ഡ് അറ്റ്‌മോസ്ഫിയറിക്ക് അഡ്മിനിസ്‌ട്രേഷനും നാസയുമാണ് ഈ വിവരങ്ങള്‍  പഠനങ്ങളിലൂടെ കണ്ടെത്തിയതും ക്രോഡീകരിച്ചതും.

മധ്യേഷ്യ, ചൈന, അമേരിക്കയുടെ തെക്കന്‍ സ്റ്റേറ്റുകള്‍, ഉത്തര ഓസ്‌ട്രേലിയ, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങള്‍ കനത്ത ചൂടിലും വരള്‍ച്ചയിലും വലഞ്ഞപ്പോള്‍ ഉത്തരേന്ത്യ, പടിഞ്ഞാറന്‍ റഷ്യ, തായ്‌വാന്‍, ചിലി എന്നിവിടങ്ങളില്‍ അധികം മഴ ലഭിച്ചു. ഉത്തരേന്ത്യയില്‍ പലയിടത്തും മഴ കൂടി. തെക്കേ ഇന്ത്യയില്‍ മഴ കുറഞ്ഞു. പസഫിക്ക് സമുദ്രത്തിന്റെ ചൂടും തണുപ്പുമാണ് ആഗോള കാലാവസ്ഥയെ വലിയ തോതില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍. മധ്യപസഫിക്ക് സമുദ്രം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. ഈ ഓഗസ്റ്റില്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഗണ്യമായി കുറയുന്നതായും ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാം വറ്റിച്ച് എല്‍നിനോ- എല്‍ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതായാണ് വേള്‍ഡ് മീറ്റിരിയോളജി സംഘടനയുടെ പഠനം കാണിക്കുന്നത്.  ഇത് 2027 തുടക്കം വരെയെങ്കിലും ആഗോള കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഫെബ്രുവരി 2027 വരെയെങ്കിലും  ലോകത്തെമ്പാടും കാലാവസ്ഥയിലെ മാറ്റങ്ങളും കടുത്ത ചൂട്, അതിശൈത്യം, കനത്തമഴ എന്നിവ അനുഭവപ്പെടാം.

എല്‍നിനോയുടെ ശക്തി കുറഞ്ഞാല്‍ കേരളത്തില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം ഭേദപ്പെട്ട നിലയില്‍ കിട്ടാനിടയുണ്ട്. പക്ഷേ, ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാന്‍ ഇനിയും ആഴ്ചകള്‍ എടുക്കും.

ENGLISH SUMMARY:

Kerala's monsoon season is facing a significant deficit, with concerns about potential water scarcity and electricity crises looming. The state has recorded a 27% rainfall deficit, with Wayanad and Idukki experiencing particularly severe reductions.