പസഫിക് സമുദ്രത്തിൽ ശക്തി പ്രാപിക്കുന്ന സൂപ്പർ എൽനിനോ ഇന്ത്യയുടെ ശൈത്യകാലത്തെ കാര്യമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. 'ഗോഡ്സില്ല' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തീവ്രകാലാവസ്ഥാ വ്യതിയാനം വരുംമാസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും ശൈത്യത്തിനു പകരം അസാധാരണ ചൂടിലേക്ക് രാജ്യം നീങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്താണ് എൽനിനോ?
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതല ജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എൽനിനോ. തെക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറൻ തീരം, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന തീരം മുതൽ പസഫിക് സമുദ്രത്തിന്റെ മധ്യഭാഗം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ സമുദ്രഭാഗമാണിത്. സാധാരണയായി തെക്കേ അമേരിക്കൻ തീരത്ത് തണുത്ത സമുദ്രജലപ്രവാഹമാണ് ഉണ്ടാകാറുള്ളത്.
എന്നാൽ, എൽനിനോ സമയത്ത് കാറ്റിന്റെ ദിശ മാറുന്നതോടെ ഇന്തൊനേഷ്യൻ തീരത്തുനിന്നുള്ള ചൂടുവെള്ളം ഒഴുകിയെത്തി ഈ മധ്യ-കിഴക്കൻ മേഖല മുഴുവൻ അസാധാരണമായി ചൂടാകുന്നു. ഇത് ആഗോളതലത്തിൽത്തന്നെ മഴയുടെയും കാറ്റിന്റെയും താളം കീഴ്മേൽ മറിക്കുന്നു. ആഗോള കാലാവസ്ഥാ ചക്രത്തിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ചില പ്രദേശങ്ങളിൽ അതികഠിന വരൾച്ചയും മറ്റു ചിലയിടങ്ങളിൽ പേമാരിയും പ്രളയവും സൃഷ്ടിക്കാൻ എൽനിനോയ്ക്ക് കഴിവുണ്ട്.
ചൂടേറിയ ശൈത്യകാലമാണ് ഇന്ത്യയിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളിൽ പ്രധാനം. സാധാരണയായി അനുഭവപ്പെടുന്ന ശൈത്യകാല തണുപ്പിന്റെ കാഠിന്യം കുറയാനും താപനില ശരാശരിയേക്കാൾ ഉയർന്നു നിൽക്കാനും എൽനിനോ കാരണമാകുന്നു. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും തണുത്ത കാറ്റും എത്തിക്കുന്നത് അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടിലൂടെ ഒഴുകുന്ന 'സബ്‌ട്രോപ്പിക്കൽ വെസ്റ്റർലി ജെറ്റ് സ്ട്രീം' (Subtropical Westerly Jet Stream) എന്ന അതിവേഗ കാറ്റാണ്.
പസഫിക് സമുദ്രം ചൂടാകുമ്പോൾ അന്തരീക്ഷത്തിലെ വായുസഞ്ചാരത്തിന്റെ പാറ്റേണുകൾ മാറുന്നു. ജെറ്റ് സ്ട്രീമിന്റെ സ്ഥാനത്തിനും വേഗതയ്ക്കും വ്യതിയാനം സംഭവിക്കുകയും ഹിമാലയൻ മേഖലകളിൽനിന്ന് വടക്കേ ഇന്ത്യയിലേക്ക് വീശേണ്ട കൊടും തണുപ്പുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കാര്യമായി കുറയുകയും ചെയ്യുന്നു.
ഇന്ത്യയുടെ ശൈത്യകാല തണുപ്പിനും മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും പ്രധാന കാരണം 'വെസ്റ്റേൺ ഡിസ്റ്റർബൻസസ്' (Western Disturbances) എന്ന് അറിയപ്പെടുന്ന, മെഡിറ്ററേനിയൻ കടലിൽനിന്ന് ഉത്ഭവിച്ച് ഇന്ത്യയിലേക്ക് എത്തുന്ന കാറ്റും ഈർപ്പവുമാണ്. കശ്മീരിലും ഹിമാചലിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമ്പോഴാണ് അതിന്റെ പ്രതിഫലനമായി സമതലങ്ങളിലേക്ക് ശീതതരംഗം എത്തുന്നത്. എന്നാൽ, എൽനിനോ ശക്തമാകുമ്പോൾ വെസ്റ്റേൺ ഡിസ്റ്റർബൻസുകളുടെ എണ്ണവും ശക്തിയും കുറയുന്നു. ഹിമാലയൻ മലനിരകളിൽ മഞ്ഞുവീഴ്ച കുറയുന്നതോടെ ഉത്തരേന്ത്യയിലെയും മധ്യേന്ത്യയിലെയും താപനില താഴാതെ നിൽക്കുന്നു.
ശൈത്യകാലത്ത് ഉണ്ടാകുന്ന മേഘരൂപീകരണത്തിലെ അസാധാരണമായ മാറ്റങ്ങളും അന്തരീക്ഷത്തിലെ ചൂടും കാരണം സാധാരണയായി ഉണ്ടാവാറുള്ള റേഡിയേറ്റീവ് കൂളിങ് അഥവാ രാത്രികാലങ്ങളിൽ ഭൂമി വേഗത്തിൽ തണുക്കുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് രാത്രിയിലെ കുറഞ്ഞ താപനിലയെ ശരാശരിയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തി നിർത്തി പുലർച്ചെയുള്ള കൊടുംതണുപ്പ് ഇല്ലാതാക്കാൻ കാരണമാകുന്നു.
ഡിസംബർ, ജനുവരി മാസങ്ങളിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ താപനില മൂന്നു ഡിഗ്രിയിലേക്കു വരെ താഴുന്ന കൊടും ശീതതരംഗ ദിവസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, എൽനിനോ ശക്തമാകുമ്പോൾ ഇത്തരം അതിശൈത്യ ദിവസങ്ങളുടെ എണ്ണം ചുരുങ്ങുകയോ പൂർണമായും ഇല്ലാതാവുകയോ ചെയ്യുന്നു. ചുരുക്കത്തിൽ, തണുത്ത കാറ്റിനെ തടഞ്ഞുനിർത്തിയും ഹിമാലയത്തിലെ മഞ്ഞുവീഴ്ചയെ കുറച്ചുംകൊണ്ടാണ് എൽനിനോ ഇന്ത്യയുടെ ശൈത്യകാലത്തിന്റെ തീവ്രത ഇല്ലാതാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ഇനി ഭാവിയിൽ നാം പ്രതീക്ഷിക്കുന്ന ഒരു ഭീഷണിയല്ല; മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്ന യാഥാർഥ്യമായി മാറിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഗോഡ്സില്ല എൽനിനോ. തണുപ്പുകാലം നഷ്ടപ്പെടുന്നത് കേവലം കാലാവസ്ഥയിലെ മാറ്റം മാത്രമല്ല; അത് രാജ്യത്തിന്റെ ജലലഭ്യതയെയും ഭക്ഷ്യസുരക്ഷയെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന വലിയൊരു പരിസ്ഥിതി വെല്ലുവിളിയാണ്.