വടക്കുകിഴക്കൻ ഇന്ത്യയിൽ കണ്ടെത്തിയ തവളവർഗത്തിന് പ്രമുഖ സാമൂഹിക പ്രവർത്തക പത്മിനി വർക്കിയുടെ പേര്. പത്മിനിയെ സ്നേഹപൂർവം വിളിക്കുന്ന അമ്മച്ചി എന്ന പേരാണ് പുതുതായി കണ്ടെത്തിയ കാസ്കേഡ് തവള സ്പീഷിസുകളിലൊന്നിന് നൽകിയത്. ഹാർവാർഡ് സർവകലാശാലയുടെ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ അമ്മച്ചി തവള സ്ഥാനംപിടിച്ചു.
മിസോറാമിലെ മൂപാഗ്വി മലനിരകളിൽ നിന്ന് കണ്ടെത്തിയ തവള വർഗത്തിനാണ് സാമൂഹിക പ്രവർത്തകയും പാലിയേറ്റീവ് രംഗത്ത് മികച്ച സേവനങ്ങൾ നടത്തുകയും ചെയ്ത പത്മിനി വർക്കിയുടെ പേര് നൽകിയത്. പരിചയപ്പെടുന്ന എല്ലാവർക്കും അമ്മച്ചിയാണ് പത്മിനി വർക്കി.
ഈ തവള ഇനി Amolops ammachi എന്നറിയപ്പെടും. ഹാർവാർഡ് സർവകലാശാലയുടെ മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജി വകുപ്പിന്റെ ശാസ്ത്ര ജേണലായ ബുള്ളറ്റിൻ ഓഫ് മ്യൂസിയം ഓഫ് കംപാരറ്റീവ് സൂവോളജിയിൽ അമ്മച്ചി തവളയെന്ന പേര് കാണാം. 1863 മുതൽ പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര ശാസ്ത്ര ജേണലാണിത്. ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വളരെ ഒഴുക്കുള്ള ചോലഅരുവികളിൽ നിന്നാണ് മൂന്ന് പുതിയ തവള വർഗങ്ങളെ കണ്ടെത്തിയത്.
കാസ്കേഡ് ഫ്രോഗ്സ് എന്ന് വിളിക്കുന്ന ഇനത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഡൽഹി സർവകലാശാലയിലെ പ്രൊഫസറും ഹാർവാർഡ് സർവകലാശാല റാറ്റ്ക്ലിഫ് ഫെലോയുമായ ഡോ. സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്.
മുൻപ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലാത്ത മറ്റ് അഞ്ച് സ്പീഷീസുകളുടെ സാന്നിധ്യവും ഇവർ ആദ്യമായി സ്ഥിരീകരിച്ചു. ഇന്ത്യയിലും ഏഷ്യയിലുടനീളുമുള്ള കാസ്കേഡ് തവളകളുടെ വിതരണത്തെയും പരിണാമ വൈവിധ്യവൽക്കരണത്തെയും കുറിച്ച് വെളിച്ചം വീശുന്നതാണ് ഈ പഠനം. പുതുതായി കണ്ടെത്തിയ മൂന്ന് സ്പീഷീസുകളും റാനിഡേ (Ranidae) എന്ന തവള കുടുംബത്തിൽപ്പെട്ടവയാണ്.
ലോകമെമ്പാടുമായി ഏകദേശം 470 സ്പീഷീസുകളുള്ള ഈ കുടുംബത്തിലാണ് അമോലോപ്സ് (Amolops) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കാസ്കേഡ് തവളകളും ഉൾപ്പെടുന്നത്. ഇന്ത്യയിലെ കുറഞ്ഞഉയരം തവളകളെക്കുറിച്ച് ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട സമഗ്രമായ പഠനത്തിന്റെ ഭാഗമാണ് പുതിയ കണ്ടെത്തൽ.
ഇനി പത്മിനി വർക്കിയെക്കുറിച്ച്. പല കാരണങ്ങളാൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് അഭയമൊരുക്കിയിരുന്ന പത്മിനി പാലിയേറ്റീവ് കെയർ രംഗത്താണ് കൂടുതൽ പ്രവർത്തിച്ചത്. മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സഹായം എത്തിക്കുന്നതിലും അവർ ശ്രദ്ധാലുവായിരുന്നു. വിവിധ കാരണങ്ങളാൽ വീടുവിട്ട് കഴിയേണ്ടിവരുന്നവർക്കായി തിരുവനന്തപുരം വട്ടിയൂർക്കാവിനടുത്ത് മാമ്പഴക്കുന്നിൽ പ്രവർത്തിക്കുന്ന സ്വാഗത് ഭവൻ പത്മിനിയുടെ സ്മാരകമാണ്.
പത്മിനി വർക്കിയുടെ പ്രവർത്തനങ്ങൾ അടുത്തറിയാവുന്നയാൾ കൂടിയാണ് ഡോ. ബിജു. ഹാർവാർഡ് സർവകലാശാലയുടെ മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജി ശാസ്ത്ര പ്രസിദ്ധീകരണത്തിൽ ഇടം നേടിയതോടെ അമ്മച്ചിയെന്ന് വിളിക്കുന്ന പത്മിനി വർക്കിയുടെ പേര് ശാസ്ത്രലോകത്തും ചിരപ്രതിഷ്ഠ നേടുകയാണ്.