അരുണാചൽപ്രദേശിലെ ഗ്ലോ തടാകത്തിന് റാംസർ പദവി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എക്സിലൂടെയാണ് ഈ ചരിത്രനേട്ടം രാജ്യത്തെ അറിയിച്ചത്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ-ജല സുരക്ഷ, സുസ്ഥിര ഉപജീവനം എന്നിവ ഉറപ്പാക്കുന്നതിൽ നിർണായക ചുവടുവയ്പ്പെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. അരുണാചലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രദേശത്തിന് ഈ അന്താരാഷ്ട്ര പദവി ലഭിക്കുന്നത്.
ജൈവവൈവിധ്യത്തിന്‍റെ കലവറ: അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലുള്ള കംലാങ് ടൈഗർ റിസർവ്വ് ആൻഡ് വൈൽഡ് ലൈഫ് സാങ്ച്വറിക്കുള്ളിലാണ് ഈ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ ഒഴുകുന്ന പർവ്വത അരുവികളാൽ സമ്പന്നമായ ഇവിടെ 150-ലധികം ഇനം മരങ്ങളും 49 ഇനം ഓർക്കിഡുകളും കണ്ടെത്തിയിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന വൈറ്റ് ബെല്ലീഡ് ഹെറോൺ ഉൾപ്പെടെയുള്ള പക്ഷികളുടെയും, കടുവ, പുള്ളിപ്പുലി, ഹിമപുലി തുടങ്ങിയ മൃഗങ്ങളുടെയും സുപ്രധാന ആവാസവ്യവസ്ഥയാണ് ഗ്ലോ തടാകവും പരിസരവും. പ്രധാനപ്പെട്ട പക്ഷി-ജൈവവൈവിധ്യ കേന്ദ്രമായി ഈ പ്രദേശത്തെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. പാരിസ്ഥിതിക പ്രാധാന്യത്തിനൊപ്പം സാംസ്കാരിക പ്രാധാന്യവുമുള്ള പ്രദേശമാണിത്. പ്രദേശത്തെ തദ്ദേശീയരായ മിഷ്മി ഗോത്രവിഭാഗക്കാരുടെ പുണ്യസ്ഥലം കൂടിയാണ് ഗ്ലോ തടാകം.
എന്താണ് റാംസർ സൈറ്റ്: രാജ്യാന്തര തലത്തിൽ പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്ക് നൽകുന്ന പ്രത്യേക പദവിയാണ് റാംസർ സൈറ്റ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും തണ്ണീർത്തടങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാജ്യാന്തര ഉടമ്പടിയുടെ ഭാഗമായാണ് ഈ പദവി നൽകുന്നത്
റാംസർ ശൃംഖലയിൽ ഇന്ത്യയുടെ മുന്നോട്ട് പോക്ക് ?: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ റാംസർ ശൃംഖല വലിയ രീതിയിൽ വിപുലീകരിക്കപ്പെട്ടതായി സർക്കാർ അവകാശപ്പെടുന്നു. 2014-ൽ 26 റാംസർ സൈറ്റുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 101-ൽ എത്തിനിൽക്കുന്നു എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നേട്ടം എന്നും സർക്കാർ പറയുന്നു.