Image Credit: AFP (Left), AP (Right)
ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശമായ റെയ്കുവുകിന് ഒടുവിലാ പദവി നഷ്ടം. കാലാവസ്ഥാ മാറ്റമാണ് വില്ലനായതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആര്‍ട്ടികിലെ ദ്വീപ് രാജ്യമായ റെയ്കുവുക് ഇന്നേ വരെ കൊതുകുകള്‍ എത്തിപ്പെട്ടിട്ടില്ലാത്ത സ്ഥലമായിരുന്നു. തണുത്തുറഞ്ഞ പരിസ്ഥിതിയും അസ്ഥിരമായ താപനിലയുമാണ് കൊതുകുകള്‍ ഇവിടെ കടക്കാതിരിക്കാന്‍ ഇത്രകാലവും കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ച് പോന്നിരുന്നത്. എന്നാല്‍ ആര്‍ട്ടിക് അതിവേഗം ഉരുകാന്‍ തുടങ്ങിയതോടെ പ്രകൃതിദത്തമായ ഈ കവചം ഇല്ലാതെയായെന്നാണ് കണ്ടെത്തല്‍.
വടക്കന്‍ റെയ്കുവുകിലാണ് കൊതുകുകളെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കടിക്കുന്ന പ്രാണികളില്ലെന്ന റെക്കോര്‍ഡാണ് ഇതോടെ ഇല്ലാതെയായത്. വലിയ കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷമായ അടയാളമാണിതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊതുക് അപായ സൂചനയോ? ആഗോള ശരാശരിയെക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ആര്‍ട്ടിക് ചൂടുപിടിക്കുന്നത്. മഞ്ഞുരുക്കവും നീണ്ട വേനലും മനുഷ്യസമ്പര്‍ക്കമില്ലായ്മയുമാണ് പ്രദേശത്തെ മറ്റ് ജീവികളുടെ കുടിയേറ്റത്തില്‍ നിന്നും തടഞ്ഞിരുന്നതെങ്കില്‍ ഇവ നീങ്ങിയതാണ് പുതിയ സ്ഥിതിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. കപ്പല്‍ പാതകളുടെ വിപുലീകരണം, സൈനിക നടപടികള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവ പ്രദേശത്തേക്ക് കൂടുതല്‍ മനുഷ്യരെത്തുന്നതിന് കാരണമായി.
ആര്‍ട്ടികിലെ വിദൂര പ്രദേശത്തും കൊതുക് എത്തിയെന്നത് ചുറ്റിലും സംഭവിക്കുന്ന വലിയ മാറ്റത്തിന്‍റെ കുഞ്ഞന്‍ പ്രതിഫലനം മാത്രമാണെന്നും ക്രമേണെ ചെള്ളുകള്‍, എട്ടുകാലികള്‍, മറ്റ് പ്രാണികള്‍ തുടങ്ങിയവ പ്രത്യക്ഷപ്പെടാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രാണിവര്‍ഗങ്ങള്‍ ആര്‍ടിക്കില്‍ ഉണ്ടായാല്‍ അവ പ്രദേശത്തിന്‍റെ സ്വഭാവത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും ഹരിതഭവന പ്രഭാവത്തെ ത്വരിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.