പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ഥ പരിസ്ഥിതി പ്രവര്‍ത്തകയുമായ സാലുമരാദ തിമ്മക്ക (114) വിടവാങ്ങി. ബെംഗളുരു ജയനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അന്ത്യം. 1911 ജൂണ്‍ 30നാണ് വൃക്ഷമാതാവിന്റെ ജനനം. കര്‍ണാടക തുംകൂര്‍ സ്വദേശിയായ സാലുമരാദയ്ക്ക് 2019ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
സ്കൂളിന്റെ പടി കണ്ടിട്ടില്ല, പക്ഷേ വീട് നിറയെ പുരസ്കാരങ്ങളുണ്ടായിരുന്നു. സന്തോഷവും സങ്കടവും തുടങ്ങി ജീവിതത്തിലെ സുഖദുഖങ്ങളെല്ലാം പങ്കുവെയ്ക്കാന്‍ ഭര്‍ത്താവ് ചിക്കയ്യയ്ക്ക് പുറമേ കുറേ ആല്‍മരങ്ങളുണ്ടായിരുന്നു തിമ്മക്കയ്ക്ക്. വിവാഹം കഴിഞ്ഞ് 25 വര്‍ഷമായിട്ടും തിമ്മക്കയ്ക്കും ഹുലിക്കല്‍ സ്വദേശിയും കാലിവളര്‍ത്തുകാരനായ ഭര്‍ത്താവ് ചിക്കയ്യയ്ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഖം മറയ്ക്കാന്‍ അവര്‍ വഴിയരികില്‍ ആല്‍മരത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. അവയെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി. കുഡൂരില്‍ നിന്ന് ഹുലിക്കയിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് 5കിലോമീറ്റര്‍ ചുറ്റളവില്‍ 385 ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
വിദ്യാഭ്യാസമില്ലായിരുന്നുവെങ്കിലും അവര്‍ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ചു. അതുകൊണ്ടു തന്നെ രാജ്യത്തെ പുരസ്കാരങ്ങള്‍ മാത്രമല്ല തിമ്മക്കയെ തേടിയെത്തിയത്. പത്മശ്രീക്ക് പുറമേ ഒട്ടേറെ ദേശീയ, രാജ്യാന്തര സംഘടനകള്‍ തിമ്മക്കയെ ആദരിച്ചിട്ടുണ്ട്. 2020ല്‍ കര്‍ണാടക കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മരങ്ങള്‍ എന്റെ മക്കള്‍ ആണെന്ന് തിമ്മക്ക പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടിണിയുടെ നടുവിലും ദിവസവും കിലോമീറ്ററുകളോളം ബക്കറ്റുമായി നടന്ന് അരയാലിന്‍ തൈകള്‍ക്ക് വെള്ളമൊഴിച്ചിട്ടുണ്ട് അവര്‍.
തിമ്മക്കയുടെ പേരിനൊപ്പമുള്ള സാലുമരാദ ഗ്രാമവാസികള്‍തന്നെ നല്‍കിയ പേരാണ്. സാലുമരാദ എന്നാല്‍ കന്നടയില്‍ നിരനിരയായി നില്‍ക്കുന്ന മരങ്ങള്‍ എന്നാണ് അര്‍ഥം. ഭര്‍ത്താവിന്റെ മരണശേഷവും തിക്കമ്മ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഭര്‍ത്താവിന്റെ വിയോഗശേഷം അവര്‍ ഒരു മകനെ ദത്തെടുത്തു. പിന്നീട് തിമ്മക്കയ്ക്ക് താങ്ങും തണലുമായി വളര്‍ത്തുമകന്‍ ഉമേഷ് ഉണ്ടായിരുന്നു. സ്വന്തം ഗ്രാമത്തില്‍ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിലും അവര്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇനി തന്റെ ആല്‍മരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ തിമ്മക്ക ഉണ്ടാവില്ല.
Google trending topic: saalumarada thimmakka