അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് അപകടകരമായി തുടരുന്നതിനിടെ ഈവര്‍ഷത്തെ ലോക കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീലിലെ ബെലേമില്‍ തുടക്കം. ഉച്ചകോടി ആരംഭിച്ചതിന്റെ മുപ്പതാം വര്‍ഷത്തിലും കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് അനുഭവം. അമേരിക്കയും ചൈനയുമടക്കം എന്തെങ്കിലും ചെയ്യാന്‍ കെല്‍പ്പുള്ള രാജ്യങ്ങള്‍ ഇത്തവണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുപോലുമില്ല.
ബ്രസീലില്‍ ആമസോണ്‍ വനമേഖലയോട് ചേര്‍ന്നുള്ള ബെലേം നഗരമാണ് ഈ വര്‍ഷത്തെ കാലാവസ്ഥാ സമ്മേളനം COP30ന് ആതിഥ്യമരുളുന്നത്. വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകളും ഉടമ്പടികളുമെല്ലാം ഉണ്ടായിട്ടും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് അപകടരമായ നിലയില്‍ തുടരുകയാണ്. ആദ്യ കാലാവസ്ഥാ ഉച്ചകോടി നടന്ന് മുപ്പത് വര്‍ഷത്തിനിപ്പുറം ആഗോള തലത്തില്‍ തന്നെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 34 ശതമാനം വര്‍ധിച്ചു എന്നുള്ളത് തന്നെയാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ഊര്‍ജ ആവശ്യകതയും വര്‍ധിച്ചതോടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം ഇപ്പോഴും ഉയര്‍ന്ന രീതിയില്‍ തന്നെ തുടരുന്നു. 2027 വരെ കല്‍ക്കരിയുടെ ഡിമാന്‍ഡ് റെക്കോര്‍ഡ് നിലയില്‍ തന്നെ തുടരുമെന്നാണ് പ്രവചനം.
ആഗോളതാപനില രാജ്യാന്തരതലത്തില്‍ ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പരിധിയിലേക്ക് എത്താനുള്ള പാതയിലാണ്. ചില വര്‍ഷങ്ങളില്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്തു. 2015ലെ പാരിസ് ഉടമ്പടിയില്‍ രാജ്യങ്ങള്‍ സ്വീകരിച്ച പ്രധാനപ്പെട്ട കാലാവസ്ഥാ പ്രതിജ്ഞയാണ് ഏറ്റവും കൂടിയ ആഗോള താപനില 1.5 ഡിഗ്രി യില്‍ നിലനിര്‍ത്തുകയെന്നത്. ആഗോള കാലാവസ്ഥാ നയതന്ത്രം പരാജയപ്പെടുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതും. വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടികള്‍ ചില നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഭൂമിയിലെ ജീവന്റെ ശാശ്വത നിലനില്‍പ്പിന് അത് മതിയാകുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം ഇരുന്നൂറോളം രാജ്യങ്ങള്‍ സമവായത്തിലൂടെ തീരുമാനമെടുക്കേണ്ടി വരുന്നത് തന്നെയാണ് അടിയന്തര നടപടികള്‍ക്ക് തടസമാകുന്നത്. ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നതിലും , കാലാവസ്ഥാവ്യതിയാനങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ദുര്‍ബല രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ആഗോളതലത്തില്‍ സൗരോര്‍ജത്തിന്റേയും കാറ്റില്‍ നിന്നുള്ള ഊര്‍ജത്തിന്റേയും ഉപയോഗം ത്വരിതപ്പെടുത്തിയത് പ്രതീക്ഷയുടെ ചെറു കിരണങ്ങള്‍ തന്നെയാണ്. ആഗോള ശുദ്ധ ഊര്‍ജ നിക്ഷേപം 2.2 ട്രില്യണ് ഡോളറിലെത്തി. ഫോസില്‍ ഇന്ധനങ്ങളിലെ നിക്ഷേപത്തെ ഇത് മറികന്നു. ആഗോളതാപനത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ആഗോള താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി 2030ഓടെ ബഹിര്‍ഗമനം 45 ശതമാനം കുറയ്ക്കണം. നിലവിലെ നയങ്ങളും പ്രതിബദ്ധതകളും ഈ ലക്ഷ്യത്തില്‍ നിന്ന് വളരെ അകലെയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കോപ് 30-യിൽ പങ്കെടുക്കുന്നില്ലെന്ന പ്രഖ്യാപനം ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ യോഗങ്ങളിൽ യുഎസ് ഭീഷണി ആദ്യാവസാനം നിഴലിച്ച സാഹചര്യത്തിൽ, നിർദേശങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന പ്രതിനിധികൾക്ക് താരിഫ് നടപടികളിലൂടെയോ വിസ റദ്ദാക്കലിലൂടെയോ ഭീഷണിയുണ്ടായേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറത്തുവിടുന്ന രാജ്യമായ ചൈനയും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം നൽകണമെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് വികസിത രാജ്യങ്ങൾ പണം നൽകണമെന്നും, സാമ്പത്തിക വികസനത്തിനായി അവികസിത- വികസ്വര രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണം എന്നുമുള്ള ഇന്ത്യയുടെ നിലപാട് കോപ്30 യിലും ആവർത്തിക്കുമെന്നാണ് സൂചന. വായു മലിനീകരണം പരിഹരിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരായ ഇന്ത്യയുടെ പ്രവർത്തനം മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.
കഴിഞ്ഞ വർഷം കാലാവസ്ഥാ ധനസഹായം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത് അവികസിത രാജ്യങ്ങൾക്ക് പുതിയ ധനസഹായ രൂപങ്ങൾ കണ്ടെത്താൻ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വികസിത രാജ്യങ്ങളുടെ ബാധ്യതകളെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ചെറിയ ദ്വീപ് രാജ്യങ്ങളുടെ സഖ്യം (Aosis) രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയിലൂടെ നിയമപരമായ ശക്തമായ പിന്തുണയോടെയാണ് എത്തുന്നത്. കോപ് 30 ഉച്ചകോടിയുടെ വെല്ലുവിളികളും സാമ്പത്തിക തർക്കങ്ങളും നിലനിൽക്കുമ്പോഴും, ബെലേമിലെ ചർച്ചകൾ ലോകത്തിന് മുന്നിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര താൽപര്യങ്ങൾ മാറ്റിവെച്ച്, യൂറോപ്യൻ യൂണിയൻ-ചൈന സഖ്യം പോലുള്ള പുതിയ കൂട്ടുകെട്ടുകൾ ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന് ഊർജ്ജം പകരാനുള്ള സാധ്യതയും ബെലേമിലുണ്ട്.