TOPICS COVERED

ഒന്നിൽ, ഹിബാരു, പ്യാർ, ബാസ്, ആംഫാൻ, മോൻ–താ, ഓരോ മൺസൂൺ സീസണുകളിലും പുതിയ പേരുകൾ കൂടിയാണു നമ്മൾ പരിചയപ്പെടുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദങ്ങൾ ശക്തി പ്രാപിച്ചു കാറ്റുകളും ചുഴലിക്കാറ്റുകളുമായി മാറുമ്പോഴാണു ഈ പേരുകളെല്ലാം വീശിയടിച്ചെത്തുന്നത്. ആരാണു ചുഴലിക്കാറ്റുകൾക്കു പേരിടുന്നത്?. ഈ വിചിത്ര പേരുകളുടെ കാരണം എന്തൊക്കെയാണ്?

പേരിടൽ ഡൽഹിയിൽ, പക്ഷേ രാജ്യാന്തര കൂട്ടായ്മ

ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന കാറ്റുകൾക്കു പേരിടാനുള്ള അധികാരം കേന്ദ്ര കാലാവസ്ഥ വകുപ്പിനു കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്ററോളജിക്കൽ സെന്റർ( ആർ.എസ്.എം.സി)ക്കാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ ലോക കാലാവസ്ഥ സംഘടനയും( വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻ) യു.എന്നിന്റെ തന്നെ എക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ, പസഫിക്( ഇ.എസ്.സി.എ.പി)യുമായി ചേർന്നാണ് ഈ പേരിടൽ

എന്തിനു പേരിടണം? അയൽ രാജ്യങ്ങൾ സമ്മതിക്കുമോ?

ഓരോ മഴക്കാലത്തും അറബിക്കടലും ബംഗാൾ ഉൾക്കടലും ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിരവധി ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളുമുണ്ടാകുന്നുണ്ട്. ഇവയെ കൃത്യമായി തിരിച്ചറിയാനും മനസിലാക്കാനും എളുപ്പവഴിയെന്ന ചിന്തയിൽ നിന്നാണു പേരിടൽ കർമ്മമെന്ന ആശയത്തിലേക്കെത്തുന്നത്. മഹാസമുദ്രത്തിന്റെ പ്രയോജനം ലഭിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പേരുകൾ തന്നെ വേണമെന്നതിനാൽ ഇതിനായി കൂട്ടായ്മയും രൂപകരിച്ചു. നിലവിൽ ഈ കൂട്ടായ്മയിൽ 13 രാജ്യങ്ങളുണ്ട്. ചുഴലിക്കാറ്റുണ്ടാകുമ്പോൾ അതിന്റെ വിവരങ്ങൾ കൃത്യമായി നൽകാനും മുന്നറിയിപ്പുകൾക്കു കൂടുതൽ പ്രചാരണം കിട്ടാനും പേരു സഹായിക്കുമെന്നതും മറ്റൊരു കാരണമായി. യു.എൻ. മുൻകൈ എടുത്ത് ലോകത്താകെ 5 സോണുകളാക്കി തിരിച്ചാണു പേരിടൽ കർമ്മം നടക്കുന്നത്.

എക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ, പസഫിക്

മേഖലയിലെ 13 രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയാണിത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യമൻ, യു.എ.ഇ എന്നിവരാണു അംഗരാജ്യങ്ങൾ. വർഷത്തിൽ ഒരിക്കലോ ആറുമാസം കൂടുമ്പോഴോ യോഗം ചേർന്നു വിവരങ്ങൾ കൈമാറുകയും പേരിടൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.

2000-ൽ ഒമാനിലെ മസ്കറ്റിൽ നടന്ന എക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ, പസഫിക്, വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷന്റെയും ഇരുപത്തിയേഴാമത് സമ്മേളനത്തിൽ, ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകൾക്കു പേരിടാൻ ധാരണയിലെത്തി. 

ദീർഘമായ ചർച്ചകൾക്ക് ശേഷം 2004 സെപ്റ്റംബറിൽ ആദ്യ പട്ടിക നിലവിൽ വന്നു. 13 രാജ്യങ്ങൾക്കും പേരുകൾ നൽകാം. പാനൽ അംഗങ്ങളുടെ പേരുകൾ രാജ്യങ്ങളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ തിരിച്ചാണു പട്ടിക ഉണ്ടാക്കുന്നത്. ഈ പട്ടികയിൽ ഓരോ രാജ്യത്തിനും പതിമൂന്നു പേരുകൾ വീതം ഒരുതവണ നിർദ്ദേശിക്കാം. നിർദ്ദേശിക്കുന്ന പേരുകൾ കോളം തിരിച്ചു ക്രമത്തിൽ ഉപയോഗിക്കും. ആദ്യപേര് ഒന്നാം കോളത്തിന്റെ ആദ്യ വരിയിൽ നിന്നാരംഭിച്ച് എട്ടാം കോളത്തിലെ അവസാന വരി വരെ തുടർച്ചയായി തുടരും. ഓരോ അംഗ രാജ്യത്തിന് 13 പേരുകൾ നിർദ്ദേശിക്കാം. രാഷ്ട്രീയ, മത, സാമുദായിക, സംസ്കാര, ലിംഗ സൂചനകൾ ഉണ്ടായിരിക്കരുത്. ലോകത്തിലെ ഒരു രാജ്യത്തെയോ സംസ്കാരത്തെയോ ജനതയെയോ മോശമാക്കാനോ കളങ്കിതമാക്കാനോ പാടില്ല, ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ഓരോ പേരുകളും പട്ടികയിലേക്കു സ്വീകരിക്കുന്നത്. 2018 സെപ്റ്റംബറിൽ നടന്ന സമ്മേളനത്തിലാണ് ഒടുവിൽ അംഗരാജ്യങ്ങൾ പേരുകൾ നിർദ്ദേശിച്ചത്. നേരത്തെയുണ്ടായിരുന്ന 63 പേരുകളുള്ള പട്ടികയിൽ വെറും ആറു പേരുകൾ മാത്രം അവശേഷിച്ച സാഹചര്യത്തിലായിരുന്നു പുതിയ പട്ടികയുണ്ടാക്കിയത്.

ഡൽഹിയുടെ ചുമതല

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുമ്പോൾ നേരത്തെ തയ്യാറാക്കിയ പട്ടികയിൽ നിന്ന് ക്രമത്തിൽ പേരിടാനുള്ള അധികാരവും ചുമതലയും ഡൽഹിയിലെ ആർ. എസ്.എം.സിക്കാണ്. പേരുകൾ ആവർത്തിക്കാൻ പാടില്ല. പട്ടികയിൽ രാജ്യങ്ങളുടെ ക്രമം വരുന്നതു ഇംഗ്ലീഷ് അക്ഷരമാല അടിസ്ഥാനത്തിലാണ്. ഇതുറപ്പാക്കേണ്ടതും ആർ. എസ്.എം.സിയാണ്.

മോൻ–താ

മോൻ–തായെന്ന പേരു നിർദ്ദേശിച്ചത് തായ്‌ലന്‍ഡാണ്. സൗരഭ്യമുള്ള, സുന്ദരമായ പൂവെന്നാണ് അർഥം. എന്നാല്‍ ആരെയും നോവിക്കാതെ ചുഴലിക്കാറ്റ് കടന്നുപോകില്ലെന്നാണു റിപ്പോർട്ടുകൾ. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശുന്ന അതിതീവ്ര ചുഴലിക്കാറ്റായാണു മോൻ–താ തീരം തൊടുകയെന്നതാണു പ്രവചനം. ആന്ധ്രയുടെ തീരദേശ മേഖലകളിൽ ഇന്നലെ രാവിലെ തുടങ്ങിയ പേമാരിയും മോൻ–താ തീരത്തേക്കടുക്കുന്തോറും കൂടിവരികയാണ്. സംസ്ഥാനത്തെ 26 ജില്ലകളിൽ 23ലും അതീവ ജാഗ്രത തുടരുകയാണ്. 

ശ്രീകാകുളം മുതൽ നെല്ലൂർ വരെയുള്ള തീരത്ത് 4.7 മീറ്റർ ഉയരത്തിൽ വരെ തിര ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. അമരാവതിയിലെ സെക്രട്ടേറിയേറ്റിലുള്ള പ്രത്യേക കമാൻഡ് ആന്റ് കൺട്രോൾ റൂമിൽ ഓരോ മണിക്കൂറിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. തീരദേശത്തെ താഴ്ന്ന മേഖലകളിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന കുടുംബത്തിന് 25 കിലോ അരിയും 3000 രൂപയും ഇന്നുതന്നെ നൽകാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകി. മേഖലകളിലെ പ്രസവ തിയ്യതി അടുത്ത മുഴുവൻ ഗർഭിണികളെയും മുൻകരുതൽ നടപടികളായി ആശുപത്രികളിലേക്കു മാറ്റി. ദേശീയ ദുരന്ത നിവാരണ സേന 22 കമ്പനികളെയാണ് ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Why do cyclones get strange names like 'Montha,' 'Hibaru,' and 'Pyarr'? Naming tropical cyclones is crucial for effective disaster management and communication, especially when multiple storms occur simultaneously. The names are decided by the WMO/ESCAP Panel on Tropical Cyclones, which includes 13 member nations (including India and Thailand).