ഒരു വെറൈറ്റി പിറന്നാളാഘോഷം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു. പാമ്പിന്‍റെ പിറന്നാളാണ് ഒരു യുവാവ് ആഘോഷിച്ചത്. അതും ഒരു മൂര്‍ഖന്‍റെ. മൂര്‍ഖനെ പിടിച്ച് കേക്കിനു മുന്നിലിരുത്തി യുവാവ് എടുത്ത വിഡിയോയും പുറത്തുവന്നു. വിഡിയോ വൈറലായതോടെ വനംവകുപ്പ് ഇയാളെ കയ്യോടെ പൊക്കി. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലുള്ള ഷിർപൂർ താലൂക്കിലെ ബോറെഡി ഗ്രാമത്തിലാണ് സംഭവം.
രാജ് സഹെബ്രാവു വാഗ് എന്ന യുവാവിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ 29ന് നടന്ന സംഭവമാണിത്. നാഗപഞ്ചമി ദിനത്തിലാണ് യുവാവ് മൂര്‍ഖന്‍റെ പിറന്നാളാഘോഷിച്ചത്. പാമ്പ് കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും വളരെപ്പെട്ടെന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. വിഡിയോ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പണിപാളിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പാമ്പിനെ സൂക്ഷിക്കാനുപയോഗിക്കുന്ന രണ്ട് പ്ലാസ്റ്റിക് പെട്ടികളും, വിഡിയോ എടുക്കാന്‍ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
പാമ്പ് എവിടെ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് വിഡിയോ എടുത്തശേഷം പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു എന്നാണ് യുവാവ് നല്‍കിയ മറുപടി. വനംവകുപ്പ് അറസ്റ്റുചെയ്ത ഇയാളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.