Picture Credit @PARInetwork
ഏഷ്യയിലെ ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്ന ‘വത്സല’ ചരിഞ്ഞു. നൂറുവയസ്സിന് മുകളിലാണ് വത്സലയുടെ പ്രായം. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിലായിരുന്നു വത്സലയുണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സലയെ ഇവിടേക്ക് എത്തിച്ചത്. ആദ്യം നര്‍മദാപുരത്തായിരുന്നു എത്തിച്ചിരുന്നത്. അവിടെ നിന്ന് പന്ന കടുവ സങ്കേതത്തിലേക്കെത്തിച്ച വത്സല ഇവിടുത്തെ മുഖ്യ ആകര്‍ഷണം കൂടിയായി മാറി. കടുവ സങ്കേതത്തിലെ മറ്റ് ആനകള്‍ക്ക് ഒരു നേതാവായിരുന്നു വത്സലയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂട്ടത്തിലെ പെണ്ണാനകള്‍ പ്രസവിച്ചാല്‍ അവരുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന ചുമതല വത്സലയാണ് ഏറ്റെടുത്തിരുന്നത്. ഒരു അമ്മൂമ്മയുടെ കരുതലോടെ ആ ആനക്കുട്ടികളെ വത്സലയെന്ന ‘ആനമുത്തശ്ശി’ പരിപാലിച്ചിരുന്നു എന്നാണ് പന്ന കടുവ സങ്കേതം പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ആനയുടെ സംസ്കാരം എല്ലാ ആദരവുകളോടെയും ചെയ്യുമെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കാലുകളിലെ നഖങ്ങള്‍ക്ക് പരുക്ക് പറ്റിയ അവസ്ഥയില്‍ കടുവ സങ്കേതത്തിലെ ഖൈരയാന്‍ എന്ന ജലാശയത്തിന്‍റെ അടുത്ത് വത്സല ഇരിക്കുകയായിരുന്നു. ആനയെ എഴുന്നേല്‍പ്പിക്കാനായി വനംവകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്ന് അവശനിലയിലായിരുന്ന വത്സലയുടെ കാഴ്ചയടക്കം നഷ്ടമായിരുന്നു. ദൂരത്തേക്ക് നടന്നുനീങ്ങുന്നതും കുറവായിരുന്നു. അതുകൊണ്ടു തന്നെ ഹിനൗത ആന ക്യാമ്പിലായിരുന്നു വത്സലയെ വനംവകുപ്പ് പാര്‍പ്പിച്ചിരുന്നത്. ആനയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും വനംവകുപ്പ് ജീവനക്കാര്‍ ഇവിടെ എത്തിച്ച് നല്‍കുകയായിരുന്നു. കുളിപ്പിക്കാനായി എന്നും ഖൈരയാനിലേക്കും കൊണ്ടുപോയിരുന്നു.
ക്ഷീണിതയായ വത്സലയെ വനംവകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ മൃഗഡോക്ടര്‍മാരും വന്യജീവി വിദഗ്ധരും വത്സലയെ പരിശോധിക്കാന്‍ എത്തിയിരുന്നു. കരുതലോടെ നോക്കാനായതുകൊണ്ടാണ് വത്സലയ്ക്ക് ഇത്രയും കാലം ജീവിക്കാന്‍ കഴിഞ്ഞതെന്നാണ് വനംവകുപ്പ് പറയുന്നത്. മുഖ്യമന്ത്രി മോഹന്‍ യാദവ് അടക്കമുള്ളവര്‍ വത്സലയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ‘വത്സലയുമായി ഒരു നൂറ്റാണ്ടോളം നിലനിന്ന ബന്ധം അവസാനിക്കുന്നു’ എന്ന കുറിപ്പും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
‘വനത്തിന്‍റെ നിശബ്ദ കാവലാളായിരുന്നു അവള്‍. ആനക്കുട്ടികളെ സ്നേഹത്തോടെ പരിപാലിച്ചിരുന്ന, തലമുറകളുടെ കൂട്ടുകാരിയായി മാറിയ, മധ്യപ്രദേശിന്‍റെ വികാരം തന്നെയായിരുന്നു വത്സല. വത്സല കൂടെയില്ലെങ്കിലും അവള്‍ സമ്മാനിച്ച ഓര്‍മകള്‍ കടലോളമാണ്. അതൊരിക്കലും മായുകയില്ല. നമ്മുടെ മണ്ണിലും മനസ്സിലും അതങ്ങനെ തെളിഞ്ഞുനില്‍ക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.