ചിത്രം;AFP
അഗ്നിപര്‍വതങ്ങള്‍ എപ്പോള്‍? എവിടെ? എങ്ങിനെ? പൊട്ടിത്തെറിക്കും എന്ന് അറിയാന്‍ സാധിക്കുമോ? എന്നാല്‍ നടക്കാന്‍ പോകുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളുടെ സൂചന ചെടികള്‍ നല്‍കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് സമീപത്തുള്ള സസ്യജാലങ്ങളെ നിരീക്ഷിച്ചുകൊണ്ട് അഗ്നിപർവ്വത സ്ഫോടനങ്ങൾ പ്രവചിക്കാൻ കഴിയുമത്രേ. എന്നാല്‍ അതെങ്ങിനെയാണെന്നറിയാമോ? നോക്കാം...
ഭൂമിയുടെ മാഗ്മയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം വർദ്ധിക്കുന്നതും അത് സമീപത്തുള്ള പച്ചപ്പിനെ സ്വാധീനിക്കുന്നതും എങ്ങിനെ എന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അഗ്നിപർവ്വത സ്ഫോടനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് വര്‍ധിക്കും. ഇത് ചുറ്റുമുള്ള മരങ്ങളില്‍ നോക്കി മനസിലാക്കാമത്രേ. ഇത്തരത്തില്‍ പുറത്തെത്തുന്ന കാർബൺ ഡൈ ഓക്സൈഡ് ചുറ്റുമുള്ള മരങ്ങള്‍ കൂടുതലായി ആഗിരണം ചെയ്യുന്നു. ഇത് മരങ്ങളുടെ ഇലകളെ കടുംപച്ച നിറത്തിലേക്ക് മാറ്റും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു അഗ്നിപര്‍വ്വതത്തിന് സമീപത്തെ ‘പച്ചപ്പ്’ വര്‍ധിക്കുകയാണെങ്കില്‍ കാർബൺ ഡൈ ഓക്സൈഡിന്‍റെ ഉദ്‌വമനം വര്‍ധിക്കുന്നതായാണ് മുന്നറിയിപ്പ്.
അടുത്ത കാലം വരെ, കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് എത്രയാണെന്ന് കണക്കാക്കണമെങ്കില്‍ ശാസ്ത്രജ്ഞർക്ക് അഗ്നിപർവ്വതങ്ങളിലേക്ക് തന്നെ പോകേണ്ടിവന്നിരുന്നു, കാരണം ഉപഗ്രഹ ചിത്രങ്ങളിൽ പോലും അഗ്നിപർവ്വതം ചെറിയ അളവിൽ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെ കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ പഠനം ദൂരെ നിന്നുപോലും അഗ്നിപർവ്വതത്തിനടിയിൽ എന്താണ് സംഭവിക്കുന്നതെന്ന വ്യക്തമായ ധാരണ ലഭിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കുമത്രേ. ഉപഗ്രഹങ്ങളില്‍ നിന്നുപോലും ഈ പച്ചപ്പ് നോക്കി അഗ്നിപര്‍വ്വതങ്ങളിലെ സാഹചര്യം അറിയാന്‍ സാധിക്കുമത്രേ.
നാസയും സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. ലാൻഡ്‌സാറ്റ് 8, നാസയുടെ ടെറ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്റിനൽ-2, മറ്റ് ഉപഗ്രഹങ്ങളില്‍ നിന്നും ശേഖരിച്ച മൗണ്ട് എറ്റ്ന അഗ്നിപർവ്വതത്തിന്‍റെ ചിത്രങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തതത്. അഗ്നിപർവ്വതത്തിൽ നിന്നും മാഗ്മ മുകളിലേക്ക് ഉയര്‍ന്നുവകുന്നതിനനുസരിച്ച് കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവിലും ചുറ്റുമുള്ള സസ്യങ്ങളുടെ പച്ചപ്പിലും വ്യക്തമായ വർദ്ധനവുണ്ടായതായി പഠനം സൂചിപ്പിക്കുന്നുണ്ട്.
നിലവില്‍ ലോകജനസംഖ്യയുടെ 10 ശതമാനം പേർ അഗ്നിപർവ്വത സ്ഫോടനങ്ങളാല്‍ ബാധിക്കപ്പെടുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അങ്ങിനെയിരിക്കെ, പുതിയ കണ്ടെത്തലുകള്‍ അഗ്നിപർവ്വത സ്ഫോടനം മുൻകൂട്ടി പ്രവചിക്കുന്നതിനും അടുത്ത് താമസിക്കുന്നവരെ അതിവേഗത്തില്‍ മാറ്റിപ്പാർപ്പിക്കാൻ സഹായിക്കുകയും ചെയ്യും.