ജീവിതത്തിലെ അന്‍പതു വര്‍ഷങ്ങള്‍ ഇന്ത്യയിലെ വനങ്ങള്‍ക്കും വന്യജീവികള്‍ക്കുമായി ഉഴിഞ്ഞുവെക്കുക. നിരന്തരം അവയുടെ സംരക്ഷണത്തിനായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇന്ന് വിടപറഞ്ഞ വാത്മീക് ഥാപ്പര്‍ പരിസ്ഥിതി സംരക്ഷകന്‍ മാത്രമായിരുന്നില്ല, രാജ്യത്തിന്‍റെ ജൈവസമ്പത്തിനെ അഗാധമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു ഗവേഷകന്‍ കൂടിയായിരുന്നു അദ്ദേഹം.
എഴുത്തുകാരനും ഡോക്യുമെന്‍ററി സംവിധായകനുമായിരുന്നു വാത്മീക് ഥാപ്പര്‍, കൂടാതെ കറതീര്‍ന്ന ആക്ടിവിസ്റ്റും നയരൂപീകരണ വിദഗ്ധനും. ആധുനിക ഇന്ത്യയുടെ പാരിസ്ഥിതിക നയ രൂപീകരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളായിമാറി. അവക്കെല്ലാം ഉപരി ദേശീയ മൃഗമായ കടുവയുടെ സംരക്ഷണത്തിനായി അഹോരാത്രം പരിശ്രമിച്ച മറ്റൊരാള്‍ വാത്മീക് ഥാപ്പറെ പോലുണ്ടാവില്ല. കടുവാസംരക്ഷണം രാജ്യത്തിന്‍റെയാകെ ജൈവവ്യവസ്ഥയുടെ സംരക്ഷണമാണെന്ന് തെളിയിക്കാന്‍ ഥാപ്പറിന് കഴിഞ്ഞു.
രാജസ്ഥാനിലെ രന്ധാംപൂര്‍ ദേശീയ ഉദ്യാനം എന്നപേര് കടുവകളെ മാത്രമല്ല വാത്മീക് ഥാപ്പറെയും മനസ്സിലേക്ക് കൊണ്ടുവരും. മനോഹരവും അപൂര്‍വ്വവുമായ ആ ജൈവവ്യവസ്ഥയെയും അവിടുത്തെ കടുവകളെയും സംരക്ഷിക്കാനായി അസാധാരണ പരിശ്രമമാണ് അദ്ദേഹം നടത്തിയത്. ഫത്തേഹ് സിംഹ് രാധോര്‍ എന്ന എന്ന വിഖ്യാത പരിസ്ഥിതി– വന്യജീവി വിദഗ്ധനാണ് ഥാപ്പറെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. കടുവാ സംരക്ഷണ പദ്ധതിയുടെ പ്രധാന നയരൂപീകരണ സമിതിയിലെ അംഗം കൂടിയായിരുന്നു രാധോര്‍. ഇരുവരും ചേര്‍ന്നാണ് പ്രോജക്ട് ടൈഗര്‍ മുതല്‍ ടൈഗര്‍ ടാസ്ക്ക് ഫോഴ്സ് വരെ രൂപീകരിച്ചത്.
മൃഗവേട്ടക്കെതിരെയുള്ള നിയമ നിര്‍മാണം മുതല്‍ കടുവകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ ഉറപ്പാക്കാന്‍ കഴിയും വിധം ശക്തമായും യുക്തിഭദ്രമായും പ്രവര്‍ത്തിക്കാന്‍ ഥാപ്പറിനു കഴിഞ്ഞു. 150 ല്‍ അധികം പ്രധാന കമ്മറ്റികളിലും ഉപദേശക സമിതികളിലും പ്രവര്‍ത്തിച്ച വാത്മീക് ഥാപ്പര്‍ സരിസ്ക്ക ദേശീയ ഉദ്യാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു.
മുപ്പതു പുസ്തകങ്ങളാണ് ഥാപ്പര്‍ രചിച്ചത്. ഇവയില്‍ നാച്യൂറല്‍ ഹിസ്റ്ററി ഒഫ് ഇന്ത്യന്‍സബ്കോന്‍റിനന്‍റ് ഏറെ പ്രശസ്തമാണ്. ദിലാന്‍റ് ഒഫ് ദി ടൈഗര്‍ എന്ന വിഖ്യാത ഡോക്യുമെന്‍ററി സീരീസിന്‍റെ സംവിധായകനും അവതാരകനുമായി ഥാപ്പര്‍. എഴുത്തിലും ഡോക്യുമെന്‍ററിയിലും ഫോട്ടോഗ്രാഫിയിലും പ്രസംഗങ്ങളിലും എല്ലാം അദ്ദേഹം ഒന്നുമാത്രമെ ശ്രമിച്ചുള്ളൂ, രാജ്യത്തിന്‍റെ അമൂല്യമായ ജൈവസമ്പത്ത് സംരക്ഷിക്കുക. അതിന്‍റെ അറ്റവും മഹത്തായ പ്രതീകമായി ദേശീയ മൃഗമായ കടുവയെ ഥാപ്പര്‍ പ്രതിഷ്ഠിച്ചു.
റൊമേഷ് ഥാപ്പര്‍ എന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍റെ മകനും ചരിത്രകാരി റൊമീളാ ഥാപ്പറിന്‍റെ സഹോദര പുത്രനുമാണ് വാത്മീക്. അഭിനേത്രിയും സാംസ്ക്കാരിക പ്രവര്‍ത്തകയും ശശി കപൂറിന്‍റെ മകളുമായ സന്‍ജനയാണ് ഭാര്യ. എഴുപ്പത്തിമൂന്നാം വയസ്സില്‍ വാത്മീക് കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ വനങ്ങള്‍ക്കും വന്യജീവികള്‍ക്കുമാണ് തീരാനഷ്ടം. അവക്കായി നിരന്തരം പോരാടാനും ശബ്ദമുയര്‍ത്താനും അവയുടെ പ്രാധാന്യം ലോകത്തോടു പറാനും ഇതുപോലൊരാള്‍ ഇനിയില്ല.