TOPICS COVERED

പൊള്ളുന്നല്ലോ , ഇത് എന്തൊരു ചൂടാണെന്ന് പറയേണ്ടി വരുന്നത് മകരമാസത്തിലാണ്. മകരമാസത്തിലെ കുളിരും ചെറിയ മൂടല്‍ മഞ്ഞും എല്ലാം പഴങ്കഥയായി. ഇത്തവണ വൃശ്ചിക മാസത്തില്‍പോലും തണുപ്പുണ്ടായില്ല. തുലാവര്‍ഷം പെയ്തൊഴിഞ്ഞതും ചൂട് തുടങ്ങി.  കഴിഞ്ഞ രണ്ടാഴ്ചയായി കാലാവസ്ഥാ വകുപ്പ് നിരന്തരം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നുണ്ട്. സാധാരണയെക്കാള്‍  രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍സ്യസ് വരെ ചൂട് ഉയരുമെന്നാണ് ഈ മുന്നറിയിപ്പുകള്‍ പറയുന്നത്. 

31 നും 33 ഡിഗ്രി സെല്‍സ്യസിനും ഇടക്ക് നില്‍ക്കേണ്ട ചൂടാണ് 37 ഡിഗ്രി സെല്‍സ്യസ് വരെയൊക്കെ കുത്തനെ ഉയര്‍ന്നത്. കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് മിക്ക ദിവസങ്ങളിലും പകല്‍ താപനില  ഏറ്റവും കടുത്തത്. കൊച്ചിയും തൊട്ടു പിറകെ ഉണ്ട്.  നഗരപ്രദേശത്താണ് പകല്‍ചൂട് കത്തുന്നത്.  നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും പതിവായിക്കഴിഞ്ഞു. 

കഴിഞ്ഞ പത്തുവര്‍ഷമായാണ് സംസ്ഥാനത്ത് വേനല്‍ നേരത്തെ എത്തുന്നതും ചൂട് താങ്ങാവുന്നതിനും അപ്പുറത്തേക്ക് ഉയരുന്നതും. രേഖപ്പെടുത്തുന്ന ചൂട് 38 ഡിഗ്രിയായിരിക്കും അനുഭവവേദ്യമാകുന്ന ചൂടാകട്ടെ പലപ്പോഴും 45 ഡിഗ്രി സെല്‍സ്യവും കടന്നുപോവുകയും ചെയ്യും. നഗര പ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലുമാണ് ഏറ്റവും കഠിനമായി ചൂട് അനുഭവപ്പെടുന്നത്. രാവിലെ 11 നും ഉച്ചതിരിഞ്ഞ് മൂന്നിനും ഇടയിലാണ് സൂര്യന്‍ ഉച്ചസ്ഥായിയിലാകുന്നത്. പലപ്പോഴും സൂര്യാതപം കൊണ്ട് വീണുപോകുന്നവര്‍ തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവരാണ്. അതിനാലാണ് പുറം ജോലിചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം എന്ന നിര്‍ദേശം പുറപ്പെടുവിക്കുന്നത്. 

എല്‍നിനോ എന്ന സമുദ്ര പ്രതിഭാസമാണ് പൊതുവെ ചൂട് ഉരാന്‍ ഇടയാക്കുന്നത്.  ഇതോടൊപ്പം സൂര്യന്‍ ഉത്തരായനത്തിലായതും  താപനില ഉയര്‍ത്തി. സാധാരണ ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചൂട് ഇത്തരത്തില്‍ ഉയരുക. വേനല്‍ നേരത്തെ എത്തിയതോടെ കൃഷിയെയും കുടിവെള്ള ലഭ്യതയെയും എല്ലാം കത്തുന്ന വെയില്‍ ബാധിച്ചുതുടങ്ങി.  ജനുവരി അവസാനം തന്നെ സംസ്ഥാനത്ത് ചൂട് കനത്തിരുന്നു. 27ാം തീയതി കണ്ണൂരില്‍ 36.6 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. അന്ന് രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാിരുന്നു. 

താപനില ഉരുന്നതിനൊപ്പം  അന്തരീക്ഷ ഈര്‍പ്പം കൂടിയാകുമ്പോഴാണ് ചൂട് അസഹനീയമായി മാറുന്നത്. വരും ആഴ്ചകളിലും ചൂട് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും അതിനാല്‍ കടുത്ത വേനലാണ് സംസ്ഥാനത്ത് അനുഭവപ്പെടാന്‍പോകുന്നതെന്നും കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു. പകല്‍താപനിലയും രാത്രിതാപനിലയും തമ്മില്‍ 8 മുതല്‍ 10 ഡിഗ്രി സെല്‍സ്യസ് വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് വരള്‍ച്ചയുടെ ലക്ഷണമായി കണക്കാക്കേണ്ടിവരും. 

കോട്ടയത്തെ കാലാവസ്ഥാമാറ്റ പഠന കേന്ദ്രം കാലാവസ്ഥാവകുപ്പിന്‍റെ സഹായത്തോടെ നടത്തിയ പഠനവും  കേരളം ചൂട് പിടിക്കുന്നതിന്‍റെ സൂചനകളാണ് നല്‍കുന്നത്.  ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ഉയരുന്നതായി പഠനം കാണിക്കുന്നു. ഏപ്രിലില്‍ ശരാശരി 1.85 ഡിഗ്രി സെല്‍സ്സ് വരെ ചൂട് ഉയരും.  കഴിഞ്ഞ 124 വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍, 2024 ല്‍  0.99 ഡിഗ്രി സെല്‍സ്യസ് ചൂട് കൂടിയതായും പഠനം പറയുന്നു. 

ഇങ്ങനെ ചൂട് കൂടുന്നതും തണുപ്പ് അകലുന്നതും കൃഷിയെ വലിയതോതില്‍ ബാധിച്ചു . നെല്‍കൃഷി മുതല്‍ കാപ്പിയും ഏലവും വരെ   വെയിലില്‍ നശിക്കുകയാണ്. ഒപ്പം കാര്‍ഷിക കലണ്ടറും താളം തെറ്റി. മത്സ്യലഭ്യത കുറയുന്നതിനും വേനല്‍ചൂട് കാരണമാകുന്നു.  ഇതിനും പുറമെയാണ് വേനല്‍കാല രോഗങ്ങള്‍ മനുഷ്യരെ വലക്കാനെത്തുന്നത്.  വന്യജീവികള്‍ കാടിറങ്ങുന്നതിനും മനുഷ്യ– വന്യജീവി സംഘര്‍ഷം വ്യാപകമാകുന്നതിനും കാലാവസ്ഥാ മാറ്റം വഴിവെച്ചിട്ടുണ്ട്.  

കടുത്ത ചൂട് കനത്ത മഴക്കും വഴിവെക്കും. പെട്ടെന്ന് മഴയെത്തി കുറഞ്ഞ സമയത്തില്‍ തീവ്രമഴ ഉണ്ടാകുന്നതിനും കാരണം കൂമ്പാരമേഘങ്ങളുടെ രൂപീകരണമാണ്. കടുത്ത ചൂടും സമുദ്രം ചൂടു പിടിക്കുന്നതുമാണ് കൂമ്പാരമേഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത്. ശക്തമായ മഴ ലഭിക്കുമ്പോഴും മഴ ദിനങ്ങളുടെയും പെയ്തിറങ്ങുന്ന മഴയുടെയും കാര്യത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ 

കാലാവസ്ഥയുടെ താളം തെറ്റി, ഒപ്പം കേരളം ശീലിച്ച ജീവിത ക്രമവും മാറുകയാണ്. 

ആഗോളതാപനമല്ലേ നമുക്കെന്തു ചെയ്യാനാകും എന്ന ചോദ്യം ഉയര്‍ത്തും മുന്‍പ് പ്രാദേശികമായി ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്ന അഭിപ്രായമാണ് ശാസ്ത്രലോകവും പരിസ്ഥിതി വിദഗ്ധരും നല്‍കുന്നത്. വെള്ളം പാഴാകാതെ നോക്കുക, ജലസ്രോതസുകളെ സംരക്ഷിക്കുക തുടങ്ങി കഴിയുന്നത്ര സ്ഥലങ്ങളില്‍ മരങ്ങളുടെയും ചെടികളുടെയും പച്ചപ്പ്നിലനിറുത്തുകയും ചെയ്യേണ്ടതുണ്ട്. പൊള്ളുന്ന ചൂടിനെ അതിജീവിക്കാന്‍ എയര്‍കണ്ടിഷണറുകള്‍മാത്രം പോരെന്ന് തിരിച്ചറിയേണ്ട സമയമായി എന്ന് ചുരുക്കം. 

ENGLISH SUMMARY:

Kerala is experiencing an unusually early and intense heatwave, with temperatures soaring above normal. Experts warn of potential drought and health risks.