ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചുകൾ സന്ദർശിക്കാനെത്തിയ അമ്പരന്നു! നീലയും പച്ചയും നിറത്തില്‍ കടല്‍വെള്ളം തിളങ്ങുന്നു! ചെന്നൈയിലെ കനത്ത മഴയ്ക്ക് പിന്നാലെയാണ് നാട്ടുകാരയും സന്ദര്‍ശകരെയും അമ്പരപ്പിച്ച് രാത്രിയുടെ ഇരുട്ടില്‍ കടല്‍ ‘നിറം മാറിയത്‘. കേരളത്തില്‍ കൊച്ചി കുമ്പളങ്ങിയില്‍ എല്ലാവര്‍ഷവും കണ്ടുവരുന്ന ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് ചെന്നൈ കടപ്പുറത്തെയും നീലവെളിച്ചത്തിലാഴ്ത്തിയത്.
ഈസ്റ്റ് കോസ്റ്റ് റോഡ് (ECR) ബീച്ച്, പ്രധാനമായും തിരുവാൻമിയൂരിനും നീലങ്കരയ്ക്കും സമീപമാണ് ബയോലൂമിനസെന്‍സ് വിരുന്നെത്തിയത്. ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലും വൈറലായി. നാട്ടുകാരും സഞ്ചാരികളും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അൻപുമണി രാമദോസും പ്രതിഭാസത്തിന്‍റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ടു. ‘ഇസിആർ ബീച്ചിലെ ഫ്ലൂറസെന്‍റ് തരംഗങ്ങൾക്ക് ഞാനും സാക്ഷിയായി’ എന്നാണ് അദ്ദേഹം കുറിച്ചത്. 2023ലും സമാനമായ രീതിയിൽ ഇസിആർ ബീച്ചിൽ കവരടിച്ചിരുന്നു.
എന്താണ് ബയോലൂമിനസെന്‍സ്?
കേരളത്തിലെ കുമ്പളങ്ങിയില്‍ പതിവായി കണ്ടുവരുന്ന കവര് എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് ‘ബയോലൂമിനസെന്‍സ്’. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. ഇത്തരത്തില്‍ പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതുകൊണ്ട് ‘തണുത്ത വെളിച്ചം’ എന്നും ഇത് അറിയപ്പെടാറുണ്ട്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങിന്‍റെ പ്രകാശത്തിന് കാരണവും. ചെങ്കടലിന്‍റെ ചുവപ്പുനിറത്തിനു കാരണവും ഇതു തന്നെയാണ്.
ചിലയിനം ജെല്ലി മല്‍സ്യങ്ങള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. കാണുന്നവർക്ക് അത്ഭുതമായി തോന്നുമെങ്കിലും ഇത്തരം ജീവികള്‍ക്ക് അത് പ്രതിരോധമാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം പ്രയോജനപ്പെടുത്താറുണ്ട്.