മുഴ കാരണം ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടിയിരുന്ന വളർത്തുപാമ്പിന് ഇനി മൂക്കുമുട്ടെ കഴിക്കാം. അമേരിക്കൻ ഇനമായ പെരുമ്പാമ്പിന് പുതുജീവനേകിയതാകട്ടെ ടിറ്റു ഏബ്രഹാം എന്ന മൃഗഡോക്ടര്‍. കൊച്ചിയിലെ ഒരു പെറ്റ് ഷോപ്പ് ഉടമയുടെ അരുമയാണ് റോണയെന്ന പെരുമ്പാമ്പ്. എട്ടുമാസം മാത്രം പ്രായമുള്ള റോണ എലികളെ വരെ നിഷ്പ്രയാസം അകത്താക്കിയിരുന്നു. എന്നാല്‍ കുറച്ചുനാളായി ഇതിന് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടായി.
നാസാദ്വാരത്തിൽ വളർന്ന മുഴയാണ് വില്ലനായത്. പല ചികിൽസകൾ പരീക്ഷിച്ചെങ്കിലും മുഴ വളർന്നുകൊണ്ടേയിരുന്നു. ഒടുവിലാണ് ഡോ. ടിട്ടു ഏബ്രഹാമിന്‍റെ അടുത്തെത്തിച്ചത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ റോണയ്ക്ക് ആശ്വാസം.
പെരുമ്പാമ്പുകളുടെ ഇനത്തിൽപ്പെട്ട വിദേശിയാണ് റെഡ് ടെയില്‍ഡ് ബോവ. ആളുകളുമായി ഇണങ്ങുന്ന ഇവരെ അരുമകളായി വളർത്തുന്നവർ ധാരാളമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു ദിവസത്തെ നിരീക്ഷണത്തിനായി റോണ ആശുപത്രിയിൽ തുടരുകയാണ്.