“പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും ആവശ്യമില്ല, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കുതന്നെ മനസ്സിലാകും”. പ്രമുഖ പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്‍ഗില്‍ പത്തുവര്‍ഷം മുന്‍പ് പറഞ്ഞ വാചകങ്ങളാണിത്.
ഒരു പ്രളയവും മഹാപ്രളയവും അനേകരുടെ ജീവനെടുത്ത മലയിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും എല്ലാമായി ആ വാക്കുകള്‍ ഓരോ വര്‍ഷവും മേല്‍ക്കുമേല്‍ അന്വര്‍ഥമായിക്കൊണ്ടേയിരിക്കുന്നു. വയനാട്ടിലെ മുണ്ടക്കൈയും ചൂരല്‍മലയും അതിലെ ജീവനുകളപ്പാടെയും ഒഴുകിയൊലിച്ചപ്പോള്‍ കേരളം സാക്ഷിയായത്, സംസ്ഥാനചരിത്രത്തിലെ ഏറ്റവുംവലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്. നാടൊന്നാകെ വയനാടിനൊപ്പം കൈകോര്‍ത്തുനില്‍ക്കുമ്പോള്‍ ഗാഡ്ഗിൽ റിപ്പോർട്ട് എന്ന ‘പ്രകൃതി പുസ്തകം’ വീണ്ടും സജീവചര്‍ച്ചയാണ്. സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും.
ഗാഡ്ഗിൽ റിപ്പോർട്ട്
ലോകത്തെ എട്ട് പ്രധാന ജൈവവൈവിധ്യ സമ്പന്ന സ്ഥലങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. മനുഷ്യരുടെ കടന്നുകയറ്റവും കാലാവസ്ഥയിലെ മാറ്റങ്ങളും പശ്ചിമഘട്ടത്തിലെ നിരവധി സസ്യങ്ങളെയും ജീവജാലങ്ങളെയും ഇല്ലാതാക്കിയെന്ന് നേരത്തേ തന്നെ പരിസ്ഥിതി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇവിടത്തെ പരിസ്ഥിതി നാശത്തെക്കുറിച്ച് ഒരുപാട് പഠന റിപ്പോര്‍ട്ടുകളും പ്രബന്ധങ്ങളും പുറത്തുവന്നു. ഒടുവിൽ ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ 2010ൽ പ്രഫസർ മാധവ് ഗാഡ്ഗിൽ ചെയർമാനായി പതിനാലംഗ സമിതി രൂപീകരിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്താനും പശ്ചിമഘട്ടം സംരക്ഷിക്കാനും പരിപാലിക്കാനും പുനരുജ്ജീവിപ്പിക്കാനും വേണ്ട മാർഗങ്ങള്‍ അറിയിക്കാനുമായിരുന്നു സമിതിക്കുള്ള നിര്‍ദേശം. ആ ചുമതല നിറവേറ്റി ഗാഡ്ഗില്‍ സമിതി 2011 സെപ്റ്റംബറിൽ റിപ്പോർട്ട് നല്‍കി. പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ ആ റിപ്പോര്‍ട്ട് ഏറെക്കാലം വെളിച്ചം കണ്ടില്ല. പാനൽ നടത്തിയ പഠനങ്ങളും ശേഖരിച്ച വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് പോലും നീക്കം ചെയ്തു. ഒടുവിൽ, വിവരാവകാശ നിയമപ്രകാരമുള്ള ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ 552 പേജുകളുള്ള റിപ്പോർട്ട് പുറത്തുവന്നു. വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും അതുണ്ട്.
കേരളം മുതല്‍ ഗോവ വരെയുള്ള ഖനന, ക്വാറി മാഫിയകളെ ഇല്ലാതാക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തു. ജനങ്ങളെയാകെ കുടിയൊഴിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും സാധാരണ ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു പ്രചാരണം വലിയ തോതില്‍ നടത്തി. റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തിനൊപ്പം നില്‍ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും എത്തി.
പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ മേഖലയിലെ 142 താലൂക്കുകളെ മൂന്നുതരം പരിസ്ഥിതലോല സോണുകളായി നിശ്ചയിച്ചു. ഖനനം, പുതിയ ഡാമുകള്‍, പുതിയ ജലവൈദ്യുത പദ്ധതികള്‍, പവര്‍ പ്ലാന്റുകള്‍ തുടങ്ങിയവയൊന്നും ഈ മേഖലകളില്‍ അനുവദിക്കരുതെന്നും ശുപാര്‍ശ ചെയ്തു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അപ്രായോഗികവും യാഥാര്‍ഥ്യബോധം ഇല്ലാത്തതുമാണെന്ന് ഭരണകൂടങ്ങള്‍ അടക്കം വാദിച്ചു. സമരം കടുത്തതോടെ പശ്ചിമഘട്ടമേഖലയിലെ ആറ് സംസ്ഥാനങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി.
പ്രതിഷേധങ്ങളുടെ പാരമ്യത്തില്‍ 2012 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ ഉന്നതതല കര്‍മസമിതി (High Level Working Group) രൂപീകരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങള്‍ ലഘൂകരിച്ചാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നല്‍കിയത്. പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം 37 ശതമാനം പ്രദേശങ്ങളിലേക്ക് ചുരുക്കി. അതുതന്നെ അറുപതിനായിരം ചതുരശ്ര കിലോമീറ്ററോളം വരും. ശേഷിച്ച 60 ശതമാനം മേഖലയെ, ജനവാസമേഖലകളും കാര്‍ഷികമേഖലകളും ഉള്‍പ്പെട്ട സാംസ്കാരിക ഭൂപ്രദേശമായി നിശ്ചയിച്ചു. എന്നാല്‍ ഖനനത്തിനും മണ്ണെടുപ്പിനും ക്വാറികള്‍ക്കും സമ്പൂര്‍ണ നിരോധനമെന്ന ഗാഡ്ഗില്‍ ശുപാര്‍ശ നിലനിര്‍ത്തി. ഇതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും കനത്ത പ്രതിഷേധം ഉയര്‍ന്നു. അതും വേണ്ടപോലെ നടപ്പായില്ല.
തെറ്റിദ്ധരിച്ചവരും ധരിപ്പിച്ചവരും ഇതൊന്നുമറിയത്തവരുമെല്ലാം, പിന്നീട്, വെറും പത്തുവര്‍ഷം കൊണ്ട് ഏറ്റുവാങ്ങിയ ദുരന്തങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. എന്തുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിനേക്കാള്‍ കാര്‍ക്കശ്യം കുറഞ്ഞ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ലക്ഷ്യം കാണാതെപോയത്? ഇനിയും കണ്ണടച്ചാല്‍ എന്തെല്ലാം മഹാവിപത്തുകളായിരിക്കും നമ്മെ കാത്തിരിക്കുന്നത്?
ജീവിക്കുന്ന പ്രകൃതിക്ക് ജീവനേക്കാള്‍ പ്രാധാന്യം നല്‍കിയിരുന്ന ഒരുകാലം മനുഷ്യനുണ്ടായിരുന്നു... കേരളത്തിനുണ്ടായിരുന്നു. അന്നുമുണ്ടായിട്ടുണ്ട് പേമാരിയും പ്രളയവുമൊക്കെ. പക്ഷേ അതൊന്നുമല്ല ഇപ്പോള്‍ സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇനിയും എത്രകാലം കാത്തിരിക്കണം? ആ കാത്തിരിപ്പിനൊടുവില്‍ നമ്മളോ ഈ നാടോ ബാക്കിയുണ്ടാകുമോ? ഈ ചോദ്യങ്ങളെല്ലാം നമ്മോട് ഉറക്കെച്ചോദിക്കാന്‍ പോകുന്നത് മറ്റാരുമല്ല, നമ്മുടെ കൈപിടിച്ച് വളരുന്ന തലമുറ തന്നെയാണ്.