അത്യപൂർവ്വമല്ലെങ്കിലും കേരളത്തിൽ പൊതുവേ അപൂർവ കാഴ്ചയായ മഴവിൽ മരം കാണണോ. കോട്ടയം ജില്ലയിലെ വൈക്കം വെള്ളൂരിലെത്തിയാൽ മതി. തടിയിൽ വർണ്ണങ്ങൾ ഒളിപ്പിച്ച ഫിലിപ്പിൻസ് സ്വദേശിയായ മഴവിൽ മരം യുക്കാലിപ്റ്റസ് മരങ്ങളുടെ വകദേദമാണ്.
മഴക്കാടുകളിൽ കണ്ടുവരുന്ന യൂക്കാലിപ്റ്റസ് മരങ്ങളുടെ വകഭേദമാണ് ഈ മഴവിൽ മരം. ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് സ്വദേശം. വിദേശിയായ മഴവിൽമരം കോട്ടയത്തെ വൈക്കത്ത് എങ്ങനെ എത്തി എന്നല്ലേ സംശയം.. പൊതുമേഖലസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ വെള്ളൂരിൽ സ്ഥാപിച്ചതോടെയാണ് പേപ്പർപൾപ്പിനായി ഇവിടെ ആയിരം ഏക്കറോളം സ്ഥലത്ത് യൂക്കാലി നട്ടു പിടിപ്പിച്ചത്. അങ്ങനെയാണ് 40 വർഷം മുമ്പ് ആ കൂട്ടത്തിൽ ഈ വർണ്ണ വിദേശിയും ഇടം പിടിച്ചത്.
പലതും പേപ്പർപൾപ്പായി മാറിയെങ്കിലും അഞ്ച് മരങ്ങൾ ഇപ്പോഴും വെള്ളൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ വർണ്ണ കാഴ്ചയായുണ്ട്. മരത്തിന്‍റെ തൊലി സ്വയം പൊളിയും തോറും തെളിച്ചമാർന്ന മഴവിൽ വർണ്ണങ്ങൾ തടിയിൽ രൂപപ്പെടും. സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴവിൽ മരം ഉണ്ടെങ്കിലും കോട്ടയം ജില്ലയിൽ ഈ കാഴ്ച കാണണമെങ്കിൽ വൈക്കം വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കയറുക തന്നെ വേണം.