അപ്പർകുട്ടനാട്ടിൽ ഇത്തവണയും ദേശാടനപ്പക്ഷികൾ വിരുന്നെത്തിത്തുടങ്ങി. വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെ വിവിധയിനം പക്ഷികളാണ് കൊയ്ത്തുകഴിഞ്ഞ പാഠശേഖരങ്ങളിലേക്കെത്തുന്നത്. സ്‌ഥിരം സന്ദർശകരായ പക്ഷികൾ കൂടി കൂട്ടമായി എത്തുന്നതോടെ പക്ഷികളുടെ പറുദീസ കാണാൻ സഞ്ചാരികളും ഒഴുകുകയാണ്.
കൊയ്ത്തുകഴിഞ്ഞ് വെള്ളം കയറ്റിയ പാടങ്ങളിലാണ് പക്ഷികൾ കൂടുതലായും വന്നെത്തുന്നത്. ചാരക്കൊക്ക്, എരണ്ട, തത്ത തുടങ്ങിയവ പാടത്തെ നിത്യസന്ദർശകരാണ്. വിദേശയിനം പക്ഷികൾ കൂടി ചേരുന്നതോടെ അപ്പർ കുട്ടനാട് പക്ഷികളുടെ ഈറ്റില്ലം.
ചെറുമീനുകൾ തേടി കൂട്ടത്തോടെയാണ് വരവ്, പാടങ്ങളിൽ നിന്ന് പാടങ്ങളിലേക്കുള്ള യാത്രയ്ക്കിടെ പൊന്തക്കാടുകളാണ് ഇവയുടെ വിശ്രമകേന്ദ്രം. മുട്ടയിടുന്നതും അടയിരുന്ന് വിരിയിക്കുന്നതുമൊക്കെ ഇവിടെത്തന്നെ. കാഴ്‌ചകൾ കാണാനും ദൃശ്യങ്ങൾ പകർത്താനും നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.