Photo courtesy: @mkstalin / https://twitter.com/mkstalin/

Photo courtesy: @mkstalin / https://twitter.com/mkstalin/

  • പരിസ്ഥിതി സംരക്ഷരംഗത്തെ അതികായന്‍ മടങ്ങി
  • ഇന്ത്യയുടെ വനം, വന്യജീവി സംരക്ഷണത്തില്‍ അമൂല്യസംഭാവനകള്‍
  • അധ്യാപകന്‍, ഗവേഷകന്‍, നയരൂപീകരണവിദഗ്ധന്‍

ആനയും സിഹവും തുടങ്ങി നീലഹിരി ഥാര്‍വരെ, ഇന്ത്യന്‍ വനങ്ങളിലെ മൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരനായ ഒരാള്‍ ഇന്ന് പ്രകൃതിയില്‍ ലയിച്ചു. എ.ജെ.ടി ജോണ്‍സിങ് എന്ന ജവഹര്‍ തോമസ് ജോണ്‍സിങ്. സമാനതകളില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയിലെ വനങ്ങളെയും വന്യജീവികളെയും കുറിച്ച് പഠിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനും ഉഴിഞ്ഞുവച്ച ജീവിതം. തിരുനല്‍വേലിക്കടുത്ത മരുതക്കുളം എന്ന ഗ്രാമത്തിലാണ് ജനനം. ചെറുപ്പം മുതല്‍ വന്യജീവികളെയും കാടുകളെയും അഗാധമായി സ്്നേഹിച്ചിരുന്നു. ശിവകാശിയിലെ അയ്യാനാടാര്‍ ജാനകി അമ്മാള്‍ കോളജില്‍ അധ്യാപകനായതോടെയാണ് ജീവിതം വഴിമാറിയത്. തിരുനല്‍വേലി, കന്യാകുമാരി പ്രദേശങ്ങളിലെ പശ്ചിമഘട്ടമലനിരകള്‍ നിരന്തരം സന്ദര്‍ശിക്കാനും ഫീല്‍ഡ് ബയോളജിസ്റ്റ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ഇതോടൊപ്പം ഡോക്ടറല്‍പഠനവും തുടര്‍ന്നു. അതിനുശേഷമാണ് മുതുമലയിലെത്തുന്നത്. പിന്നീട് പിറന്നത് ഇന്ത്യന്‍വന്യജീവി സംരക്ഷണ രംഗത്തെ അത്യപൂര്‍വ ചരിത്രമാണ്.

dr-ajt-johnsingh

Photo courtesy: @gurujee1 / Gurujee Swetachandan / https://twitter.com/gurujee1

ഡെറാഡൂണിലെ വൈല്‍ഡ്് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ അധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും അനേകം ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ജോണ്‍സിങ് സന്ദര്‍ശിക്കാത്ത വനപ്രദേശങ്ങള്‍ രാജ്യത്ത് അധികമില്ല. ഗീര്‍ സിംഹങ്ങള്‍, ആന, നീലഗിരി ഥാര്‍, ഹിമാലയന്‍ ഐബക്സ് തുടങ്ങി  വിവിധ വനമേഖലകളിലെ വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. ജോണ്‍സിങിന് അതൊരു ജോലിയായിരുന്നില്ല. ജീവിതമായിരുന്നു. കാടിന്‍റെ വിളികേട്ട് ആ വഴിക്ക് സഞ്ചരിച്ച് ജോണ്‍സിങ് അനേകം തലമുറകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപകനായി, വനം, പരിസ്ഥിതി ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയായി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഉപദേശകനായി.

dr-ajt-john-singh

Photo courtesy: @gurujee1 / Gurujee Swetachandan / https://twitter.com/gurujee1

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ രൂപീകരിക്കുന്നതിലും വനസമ്പത്തും വന്യജീവി സമ്പത്തും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കുന്നതിലും ജോണ്‍സിങ് അമൂല്യമായ സംഭാവനകളാണ് നല്‍കിയത്. പ്രോജക്ട് എലിഫന്‍റ് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അമൂല്യമാണ്. ബോബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, കോര്‍ബറ്റ് ഫൗണ്ടേഷന്‍, ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡ്, ദേശീയ കടുവാസംരക്ഷണ അതോറിറ്റി, വിവിധ സംസ്ഥാനങ്ങളിലെ വനം, വന്യജീവി വകുപ്പുകള്‍ തുടങ്ങിയവയ്ക്കൊപ്പം പ്രവര്‍ത്തിച്ചു. അനേകം കുറിപ്പുകള്‍, പഠന–ഗവേഷണ ലേഖനങ്ങള്‍ എന്നിവയും രണ്ട് പുസ്തകങ്ങളും ജോണ്‍സിങ് രചിച്ചു. അദ്ദേഹം തയാറാക്കിയ എണ്‍പതോളം ഗവേഷണ രചനകള്‍ വൈല്‍ഡ് ലൈഫ് പഠനരംഗത്തെ അമൂല്യ ഏടുകളായി കണക്കാക്കപ്പെടുന്നു.

dr-ajt-john-singh-forest

Photo courtesy: @gurujee1 / Gurujee Swetachandan / https://twitter.com/gurujee1

അദ്ദേഹത്തിന്‍റെ മകന്‍ മൈക്ക് അഛന്‍റെ മരണം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി – ‘എന്‍റെ പിതാവ്, നിങ്ങളുടെയെല്ലാം സുഹൃത്ത്, ഇന്ത്യയുടെ പരിസ്ഥിതിക്കായി പൊരുതിയ പോരാളി, ലോകത്തെ ചെടികളെയും മൃഗങ്ങളെയും സംരക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചയാള്‍, അദ്ദേഹത്തിന്‍റെ  അന്തിമവാസസ്ഥലത്തേക്ക് പോയി. ആ ശബ്ദം ഇനികേള്‍ക്കാനാവില്ല. പക്ഷേ കിളിയൊച്ചകളില്‍, ഒരു കടുവയുടെ അലര്‍ച്ചയില്‍, ആനയുടെ ചിന്നംവിളിയില്‍ നമുക്ക് അദ്ദേഹത്തെ കേള്‍ക്കാം. ദയാലുവായ മനുഷ്യന്‍, തുല്യതകളില്ലാത്ത അധ്യാപകന്‍ എന്ന നിലയിലെല്ലാം താരതമ്യമില്ലാത്ത ഈടുവെപ്പുകളാണ് അദ്ദേഹം ബാക്കിവെച്ചുപോയത്. അദ്ദേഹത്തിന്‍റെ മരണത്തില്‍ നമ്മള്‍ എല്ലാവരും ഒരുപോലെ ദുഖിക്കുന്നു. അതോടൊപ്പം ഈ മഹത്തരമായ ജീവിതത്തെ അത്യധികം ആനന്ദത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു. പശ്ചമഘട്ടത്തിന് താഴെ, തന്‍റെ പത്നിയുടെ കല്ലറക്കു സമീപമാണ് ജോണ്‍സിങിന് അന്ത്യവിശ്രമം ഒരുക്കിയത്. ജീവിതം പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച ഈ മനുഷ്യന് ഉറങ്ങാന്‍ ഇതിലും അനുയോജ്യമായ ഒരിടമില്ല.

ENGLISH SUMMARY:

Dr A.J.T. Johnsingh, renowned wildlife conservationist in India, passed away, leaving behind a legacy of dedication to protecting the country's wildlife, including elephants, lions, and the Nilgiri tahr. Born in Maruthakulam, his career as a field biologist and educator began at Ayyanadar Janaki Ammal College and later at the Wildlife Institute of India in Dehradun. Johnsingh played a crucial role in formulating government policies on wildlife conservation and contributed to projects like Project Elephant. He is remembered as a compassionate teacher and advisor, leaving a lasting impact on many generations of students and conservation professionals.