കൊടും വേനലിനെ ശമിപ്പിച്ച് കേരളത്തിലങ്ങോളമിങ്ങോളം മഴ പെയ്യുകയാണ്. എന്നാല്‍ ഈ മഴ പെയ്യാനുള്ള കാരണങ്ങളായി പലപ്പോഴും കേള്‍ക്കാറുള്ള കാരണങ്ങളാണ് ന്യൂനമര്‍ദവും ചക്രവാതച്ചുഴിയും. എന്താണ് ന്യൂനമര്‍ദമെന്നും ചക്രവാതച്ചുഴിയെന്നും അറിയാം.
ന്യൂനമര്‍ദം
സമുദ്രനിരപ്പിനോട് ചേര്‍ന്ന തണുപ്പുള്ള വായൂ ചൂട് പിടിച്ച് ഉയരുന്നതോടെ അതിന് താഴെയുള്ള പ്രദേശത്ത് വായുവിന്റെ അളവ് കുറയുകയും, അവിടെ കുറഞ്ഞ മര്‍ദമുള്ള സ്ഥലം രൂപപ്പെടുകയും ചെയ്യുന്നു. ഇതാണ് ന്യൂനമര്‍ദം. മര്‍ദം കുറഞ്ഞ ഈ സ്ഥലത്തേക്ക് ചുറ്റുമുള്ള മര്‍ദം കൂടിയ പ്രദേശത്ത് നിന്നുമുള്ള വായു വന്ന് നിറയും. ഇതോടെ വന്നെത്തിയ പുതിയ വായുവും കടലുമായി ചേരുന്നതോടെ ഈര്‍പ്പം വര്‍ധിക്കുകയും ചൂട് കൂടി അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്യും. ചൂടുകൂടി മുകളിലേക്ക് ഉയരുന്ന വായു തണുത്ത് വലിയ മേഘങ്ങളായി മാറുകയും ഇത് പിന്നീട് മഴയായി പെയ്തിറങ്ങുകയും ചെയ്യും. ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെടുന്ന തണുത്തുറഞ്ഞ വലിയ മേഘങ്ങള്‍ ചിലപ്പോള്‍ ചുഴലികളും രൂപപ്പെടുത്താറുണ്ട്.
ഫയല്‍ ചിത്രം
ചക്രവാതച്ചുഴി
ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുന്‍പുള്ള കാറ്റിന്റെ താരതമ്യേനെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴി എന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മര്‍ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് പലദിശയിലായി വീശുന്ന കാറ്റ് പമ്പരം പോലെ അല്ലെങ്കില്‍ ചക്രം പോലെ കറങ്ങും. സൈക്ലോണിങ് സര്‍ക്കുലേഷന്‍ എന്നാണ് ഇതിനെ ഇംഗ്ലിഷില്‍ പറയുന്നത്. പക്ഷേ പേരില്‍ മാത്രമേ സൈക്ലോണ്‍ ഉള്ളൂ.
ഫയല്‍ ചിത്രം
ചക്രവാതച്ചുഴി വീശുന്നതെങ്ങനെ?
ഉത്തരാര്‍ധ ഗോളത്തിലും ദക്ഷിണാര്‍ധ ഗോളത്തിലും ഈ ചക്രവാതച്ചുഴി വിപരീത ദിശയിലാണ് വീശുക. ഇന്ത്യ, അമേരിക്ക, കാനഡ, മെക്‌സികോ, ഈജിപ്ത്, ഇറ്റലി, തെക്കന്‍ കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ ആന്റി ക്ലോക് വൈസ് (എതിര്‍ ഘടികാര ദിശ)ആയാണ് ചക്രവാതച്ചുഴി വീശുക. എന്നാല്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ അതായത് ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, ഇന്തൊനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഘടികാര ദിശയിലുമാകും ചക്രവാതച്ചുഴിയുടെ കറക്കം.
ചക്രവാതച്ചുഴി എവിടെയാണോ രൂപപ്പെട്ടത്, കാറ്റ് കറങ്ങുന്നതിന്റെ ശക്തി എത്രമാത്രമാണ്, തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ചക്രവാതച്ചുഴി മഴ കൊണ്ടുവരുമോ എന്ന് പ്രവചിക്കാന്‍ കഴിയുക. ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുന്‍പുള്ള കാറ്റിന്റെ ചെറിയ കറക്കമാണ് ചക്രവാതച്ചുഴി. പക്ഷേ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദമായി പരിണമിക്കണമെന്നില്ല. ഇനി കാറ്റിന്റെ കറക്കം കൃത്യമായി അത് ന്യൂനമര്‍ദമായെന്നിരിക്കട്ടെ.. അതിന് ശക്തി കൂടിയാല്‍ തീവ്ര ന്യൂനമര്‍ദവും അത് വീണ്ടും ശക്തിയാര്‍ജിച്ചാല്‍ അതി തീവ്രന്യൂനമര്‍ദവുമായി മാറും.
നിലവില്‍ കേരളത്തില്‍ മഴ കനക്കാന്‍ കാരണം ശ്രീലങ്കയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ്. ഇതിന്‍റെ ഫലമായി ബുധനാഴ്ച വരെ കേരളത്തില്‍ മഴ ലഭിക്കും. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും അടുത്ത ഏഴ് ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ ലഭിക്കുമെന്നുമാണ് പ്രവചനം. അതേസമയം, പ്രളയസമാന സാഹചര്യം നിലവിലില്ല. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷവും എത്തിയിട്ടുണ്ട്. മേയ് 29 മുതല്‍ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.