Image Credit: x.com/supriyasahuias
സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ മനം കവര്‍ന്ന് ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു പങ്കുവച്ച ആന കുടുംബത്തിന്‍റെ വിഡിയോ. തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തില്‍ നിന്നുള്ള 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ധനു പരണ്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ.
കൊടുംകാട്ടില്‍ സ്വസ്ഥമായി ഉറങ്ങുന്ന ആന കുടുംബത്തിന്‍റെ വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഏറ്റവും കൗതുകം ഉണര്‍ത്തുന്നതും സുന്ദരവുമായ കാഴ്ച ആനക്കൂട്ടത്തോടൊപ്പമുള്ള ആനക്കുട്ടിയുടെ ഉറക്കമാണ്. ആനക്കൂട്ടത്തിന് മധ്യത്തില്‍ ‘സെഡ് കാറ്റഗറി സുരക്ഷ’യിലാണ് കുട്ടിയാനയുടെ ഉറക്കം.
തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിലെ കൊടുംകാട്ടില്‍ എവിടെയോ ഒരു ആനകുടുംബം സുഖമായി ഉറങ്ങുന്നു. ആനക്കുട്ടിക്ക് കുടുംബം ‘ഇസഡ് ക്ലാസ് സുരക്ഷ’ നൽകുന്നത് നോക്കുക. കാണുമ്പോള്‍ നമ്മുടെ കുടുംബത്തെപ്പോലെ തോന്നുന്നില്ലേ’ എന്ന് കുറിച്ചാണ് സുപ്രിയ സാഹു വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2021ല്‍ ചൈനയില്‍ നിന്ന് പകര്‍ത്തിയ, യാത്രക്കിടെ വിശ്രമിക്കുന്ന കാട്ടാനക്കൂട്ടത്തിന്‍റെ ദൃശ്യത്തോട് സമാനമായ ദൃശ്യങ്ങളാണിത്.
ചിത്രത്തിന് താഴെ കമന്‍റുകളുമായി ആളുകളും എത്തിക്കഴിഞ്ഞു. ‘കുടുംബമാണ് എല്ലാം, ഈ ചിത്രം ഇന്നത്തെ എന്‍റെ ദിവസം മനോഹരമാക്കി, മികച്ച ദൃശ്യങ്ങള്‍’ എന്നിങ്ങനെ നീളുന്നു ദൃശ്യങ്ങള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍.