ഫയല്‍ ചിത്രം
സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ അവഗണിച്ച് ഊട്ടിയുടെ വിവിധയിടങ്ങളിൽ പാസ്റ്റിക്ക് മാലിന്യം കുമിഞ്ഞു കൂടുന്നു. ഇത്തവണത്തെ വേനലവധിക്കാലം അവസാനിക്കാറാകുമ്പോൾ മാലിന്യ ശേഖരണം കഴിഞ്ഞ വർഷത്തേക്കാൾ 30 മുതൽ 50 ശതമാനം വരെ വർധിക്കാമെന്നാണ് ഊട്ടി മുനിസിപ്പൽ ഹെൽത്ത് ഓഫീസർ ഡോ. ജി.ശ്രീധരൻ പറയുന്നത്. ടൂറിസ്റ്റ് സീസണിൽ പ്രതിദിനം 55 മുതൽ 60 ടൺ മാലിന്യമാണ് ശേഖരിക്കുന്നത്. മാലിന്യം ശേഖരിക്കുന്ന 45 വാഹനങ്ങളിൽ കുറഞ്ഞത് 25 വാഹനങ്ങളെങ്കിലും ദിവസവും ഓടുന്നുണ്ട്.
നിരോധിത ക്യാരി ബാഗുകളേക്കാൾ കൂടുതൽ ഉപയോഗിച്ച പ്ളാസ്റ്റിക് കുപ്പികളാണ് ഊട്ടിക്ക് വില്ലനാകുന്നത്. അതേസമയം പ്ലാസ്റ്റിക് ക്യാരി ബാഗുകളേക്കാൾ കൂടുതൽ മാലിന്യം ശേഖരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയതായും അവ ഉടനടി പിടിച്ചെടുത്തതായും ജി.ശ്രീധരൻ പറഞ്ഞു. എന്നാൽ ഊട്ടിയിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ ഇടക്കാലത്തേക്ക് ഈ-പാസ് ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 7 മുതൽ ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് കോടതി നടപടി. ദിണ്ടിഗൽ, നീലഗിരി ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിനുശേഷം മേഖലയിലേക്ക് എത്താവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. പിന്നീട് ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാരികളെ അനുവദിക്കുക.