നവരാത്രി ആഘോഷങ്ങളുടെ നിറവില് പാലക്കാട് കല്പ്പാത്തി അഗ്രഹാരം. ദേവീദേവന്മാരുടെ ബൊമ്മക്കൊലുകള് ഒരുക്കി വിജയദശമി വരെ നീളുന്ന ചടങ്ങുകള്ക്ക് വീടുകളില് തുടക്കമായി. വീടുകള് തോറുമുള്ള സൗഹൃദ സന്ദര്ശനങ്ങളും നവരാത്രികാലത്തെ പ്രത്യേകതയാണ്.
നവരാത്രി ആഘോഷത്തിന്റെ സൗന്ദര്യം ഈ ബൊമ്മക്കൊലുവില് തീര്ത്ത വര്ണങ്ങളും അതിന്റെ സംഗീത പശ്ചാത്തലവുമാണ്. കല്പ്പാത്തി അഗ്രഹാരത്തിലെ വീടുകള് മുഴുവന് ഈ ഒരു ആഘോഷ നിറവിലാണ്. ദുര്ഗാദേവി മഹിഷാസുരനെ വധിക്കുന്ന ഐതിഹ്യമാണ് നവരാത്രിയുടെ അവലംബം. തിന്മയ്ക്ക് മേല് നന്മ നേടിയ വിജയത്തിന്റെ ഓര്മ പുതുക്കല്.
ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രത്യേക പൂജകളാണ് വീടുകളിലെ പ്രധാന ചടങ്ങ്. സൗഹൃദം പുതുക്കി നിരവധി പേര് വീടുകളില് എത്തുന്ന സന്തോഷത്തിന്റെ സമയം കൂടിയാണിത്. നവരാത്രിക്ക് വീടുകളിലേക്ക് പ്രത്യേക ക്ഷണം വേണ്ടതില്ല എന്നാണ് പൊതുവേ പറയുക. പൊലിമ ഒട്ടും ചോരാതെയാണ് ഇക്കുറിയും ആഘോഷങ്ങള്.
കല്പ്പാത്തിയിലെ വെങ്കിടേശ്വരന്റെ വസതിയില് വര്ഷങ്ങളായി ഈ ബൊമ്മക്കൊലു പൂജകള് തുടരുന്നു. നവരാത്രിയുടെ ജനകീയ സ്വഭാവം കൂടുതല് തിളക്കമുള്ളതായി മാറുന്നു എന്ന് ഇവര് പറയും. അഗ്രഹാരങ്ങള്ക്ക് പുറത്തും സംഗീതാര്ച്ചനകളും ചടങ്ങുകളുമായി ആഘോഷങ്ങള് തുടങ്ങിക്കഴിഞ്ഞു.