അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തി ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തും ചേര്‍ന്നാണ് പ്രധാന ക്ഷേത്രത്തില്‍ ധ്വജം ഉയര്‍ത്തിയത്. കോടിക്കണക്കിന് രാമഭക്തരുടെ ജന്‍മസാക്ഷാത്കാരമാണ് ക്ഷേത്രമെന്നും നൂറ്റാണ്ടുകളുടെ മുറിവ് ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു.
അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച അയോധ്യ ക്ഷേത്രനിര്‍മാണത്തിന് പരിസമാപ്തി. 11. 46 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചേര്‍ന്ന് ധ്വജം ഉയര്‍ത്തുമ്പോള്‍ വേദമന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. സൂര്യന് മധ്യത്തില്‍ ഓംകാരവും കോവിദാര മരവും ആലേഖനം ചെയ്താണ് കാവി നിറത്തിലുള്ള പതാക. രാമരാജ്യം പുനഃസ്ഥാപിക്കപ്പെടുകയാണ് എന്ന് അതിഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും ഉള്ളിലെ രാമനെ ഉണര്‍ത്തണം. വ്യക്തിതാല്‍പര്യത്തിന് മുകളില്‍ രാജ്യതാല്‍പര്യം കൊണ്ടുവരാന്‍ അതാണ് മാര്‍ഗം. അധിനിവേശകാലത്തെ അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്തുവരണമെന്നും മോദി.
ഐക്യത്തിന്‍റെയും ധര്‍മത്തിന്‍റെയും അടയാളമാണ് രാമനെന്നും വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോഹന്‍ ഭാഗവത്. പുതിയ പ്രഭാതമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും രാംലല്ലയ്ക്കു മുന്നില്‍ ആരതിയും പ്രത്യേക പൂജനകളും നടത്തി. രാവിലെ അയോധ്യ വിമാനത്താവളത്തില്‍നിന്ന് ക്ഷേത്രനഗരിയിലേക്ക് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി എത്തിയത്. സപ്തര്‍ഷി ക്ഷേത്രങ്ങളിലും ശേഷാവതാര ക്ഷേത്രത്തിലും അന്നപൂര്‍ണ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.