അഞ്ചുവര്‍ഷത്തിനു ശേഷം കൈലാസ മനോസരോവര്‍ യാത്ര പുനരാരംഭിക്കുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ യാത്ര. ഭക്തിയുടെ നിറവില്‍ പ്രകൃതിയെ അടുത്തറിഞ്ഞ് സ്വപ്നം പോലൊരു സഞ്ചാരം. മനോഹരമായ ടിബറ്റന്‍ മലനിരകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഞ്ഞുപുതച്ച വെളുത്ത പര്‍വതം. ചുറ്റും സ്ഫടികതുല്യമായ നീലജലാശയം, മാനസരോവര്‍. പ്രകൃതിയും ഭക്തിയും അതിന്‍റെ പൂര്‍ണതയില്‍ സംഗമിക്കുന്ന അപൂര്‍വസ്ഥലം.
ഹിന്ദു വിശ്വാസമനുസരിച്ച് ഭഗവാന്‍ പരമശിവന്‍ കുടുംബസമേതം കുടികൊള്ളുന്ന ഇടമാണ് കൈലാസം. ബുദ്ധ, ജൈന, സിഖ് മതക്കാരും എത്താറുണ്ട്. കൈലാസത്തെ വലംവയ്ക്കുന്നതും മനസരോവറില്‍ മുങ്ങിനിവരുന്നതും മോക്ഷത്തിലേക്കുള്ള വഴിയെന്ന് ഭക്തര്‍ കരുതുന്നു. മടക്കയാത്രയടക്കം 22 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തില്‍ മലനിരകളിലൂടെ നടന്നുതാടേണ്ട ദൂരം ഏറെ. ഭക്തിമാത്രം പോര, മികച്ച ശാരീരികക്ഷമതയും അനിവാര്യം. പലഘട്ടങ്ങളില്‍ പരിശോധന കഴിഞ്ഞാണ് യാത്രയ്ക്ക് അനുമതി ലഭിക്കുക.
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലൂടെ ലിപുലേഖ് പാസ് വഴിയും സിക്കിമിലൂടെ നാഥുലാ പാസ് വഴിയും കൈലാസത്തിലെത്താം. ചൈനയുടെ പ്രത്യേക വീസയുണ്ടെങ്കിലേ യാത്ര സാധ്യമാവു. കോവിഡും തൊട്ടുപിന്നാലെ ചൈനയുമായി ലഡാക്ക് സംഘര്‍ഷവും ഉണ്ടായതോടെ കഴിഞ്ഞ അഞ്ചുവര്‍ഷമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വീണ്ടും കൈലാസ – മാനസരോവര്‍ യാത്ര ആരംഭിക്കുന്നത്. ഇത്തവണ 750 പേര്‍ക്കാണ് അനുമതി. 50 പേരടങ്ങുന്ന അഞ്ച് സംഘങ്ങള്‍ക്ക് ലിപുലേഖ് പാസ് വഴിയും 50 പേരടങ്ങുന്ന 10 സംഘങ്ങള്‍ക്ക് നാഥുലാ പാസ് വഴിയും പോകാനാണ് അനുമതി. ഓണ്‍ലൈനായാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.