Khasi men perform the warrior dance (File Image)
ഖാസി ജനതയുടെ സംസ്‌കാരിക ആഘോഷമായ ‘സെങ് കുട്ട് സ്‌നേം’ പ്രൗഢഗംഭീരമായി ആഘോഷിച്ച് ഷില്ലോങ്. ഖാസി പുതുവർഷത്തിന്‍റെ തലേന്ന് നടന്ന ആഘോഷത്തില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകൾ പങ്കെടുത്തു. ഖാസി ജനതയുടെ വര്‍ണാഭവവും തനത് സാംസ്കാരിക ഘോഷയാത്രയുമായ ‘ഇയ്ദ് പൈനി റിത്തി’ എന്ന സാംസ്കാരിക ഘോഷയാത്രയായിരുന്നു ആഘോഷങ്ങളില്‍ പ്രധാനം.
വർണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച് ഗാനങ്ങളുമായി അരങ്ങേറിയ ഘോഷയാത്ര ജയാവിലെ വെയ്‌ക്കിംഗ് ഗ്രൗണ്ടിൽ സമാപിച്ചു. പിന്നാലെ തദ്ദേശീയരായ പുരോഹിതന്മാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഖാസി ജനതയുടെ പരമ്പരാഗത നൃത്തങ്ങളും മറ്റ് കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
മേഘാലയയിലെ തദ്ദേശീയ ജനവിഭാഗമാണ് ഖാസികള്‍. ‘സെങ് കുട്ട് സ്‌നേം മുമ്പ് ഒരു മതപരമായ ചടങ്ങുമാത്രമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കൊളോണിയൽ ഭരണവും മിഷനറി സ്വാധീനവും വരുത്തിയ മാറ്റങ്ങളിൽ നിന്ന് തങ്ങളുടെ തനത് സംസ്കാരത്തെ സംരക്ഷിക്കാനുള്ള മാര്‍ഗമായി ഈ ആഘോഷം മാറി. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കപ്പെടുന്ന ആഘോഷങ്ങളില്‍ ഒന്നാണിത്. ഓരോ വര്‍ഷവും ഈ ആഘോഷത്തിനായി ഷില്ലോങ്ങിലെ ജനത കാത്തിരിക്കുന്നു. നിരവധി വിനോദസഞ്ചാരികളും ഈ സമയത്ത് മേഘാലയിലേക്ക് എത്തിച്ചേരാറുണ്ട്.