പ്രായം തൊണ്ണൂറ്. എല്ലാ സുഖസൗകര്യങ്ങളോടും കൂടി സ്വസ്ഥമായി വിശ്രമിച്ചിരിക്കാന്‍ കഴിയുന്ന ജീവിത സാഹചര്യവുമുണ്ട്. പക്ഷെ രാജഗോപാലന്‍ മാഷെന്ന സകലകലാവല്ലഭന്‍ അരങ്ങിലെത്താനുള്ള പരിശീലനത്തിലാണ്. കൊല്ലങ്കോട് കോവിലകത്തെ രാജാവിന്റെ പള്ളിയറ വിചാരിപ്പുകാനായിരുന്ന മാഷിന് വെറുതെയിരിക്കാന്‍ നേരമില്ല.

 

 

നവതിനിറവിലാണ് കൊല്ലങ്കോട് കോവിലകത്തെ രാജാവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന രാജഗോപാലന്‍. വട്ടേക്കാട് വള്ളാട്ടെ വീട്ടില്‍ മാധവന്‍ നായരുടേയും, വെള്ളരെവീട്ടില്‍ ലക്ഷമിക്കുട്ടിയമ്മയുടെയും മകനായി 1933ല്‍ ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസക്കാലത്ത് കഥകളിയോട് ഇഷ്ടം തോന്നി അന്ന് പ്രചാരത്തിലുണ്ടായിരുന്ന കപ്ളിങ്ങാടന്‍ ശൈലിയുടെ തമ്പുരാനായ കാവുങ്കല്‍ ശങ്കരന്‍കുട്ടിപ്പണിക്കരുടെ കീഴില്‍ പുറപ്പാടിന്റെ നാലുനോക്ക് അഭ്യസിച്ചു. പിന്നീട് കൊല്ലങ്കോട് കോവിലകത്തെ മാധവരാജാവിന്റെ കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരത്തിലെ ആസ്ഥാനവേഷക്കാരന്‍ കൂടിയായിരുന്ന ശങ്കരക്കുട്ടിപ്പണിക്കരാശാന്റെ കീഴില്‍ കഥകളി പഠനം തുടര്‍ന്നു. 

 

1955ല്‍ മാധവരാജാവ് നാടുനീങ്ങിയപ്പോള്‍ കൊട്ടാരവാസം അവസാനിപ്പിക്കേണ്ടി വന്നു. പഠനവും വേഷംകെട്ടലും അവിടെ അവസാനിച്ചു. പിന്നീടുള്ള അധ്യാപനജീവിതമൊക്കെ കഴിഞ്ഞ് വിശ്രമത്തിലേക്ക് കടന്നപ്പോള്‍ രാജഗോപാലന്‍ മാഷിലെ വേഷക്കാരന്‍ വീണ്ടും തലപൊക്കി. 79ല്‍ കച്ചയഴിച്ചതില്‍ പിന്നെ നീണ്ട ഇ‍ടവേള. 2017ല്‍ എണ്‍പത്തിനാലാം പിറന്നാളിനാണ് കുചേലനായി വീണ്ടും അരങ്ങിലെത്തിയത്. അന്നത്തെ ആട്ടവിളക്കണഞ്ഞ് കഴിഞ്ഞപ്പോള്‍ മക്കളെ അടുത്ത് വിളിച്ച് മാഷ് തന്റെ അടുത്ത അഭിലാഷം പറഞ്ഞു.  തൊണ്ണൂറില്‍ ഹനുമാന്‍ കെട്ടണം. 

 

ചെയ്ത് ഫലിപ്പിക്കാന്‍ എളുപ്പമുള്ള ഒന്നല്ല കല്യാണസൗഗന്ധികത്തിലെ ഹനുമാന്‍. കലാമണ്ഡലം വെങ്കിട്ടരാമനുകീഴില്‍ ചൊല്ലിയാടിപ്പഠിക്കുമ്പോള്‍, ശങ്കരന്‍കുട്ടിപ്പണിക്കരാശാനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതൊക്കെ ഒന്ന് മിനുക്കിയെടുക്കേ വേണ്ടൂ മാഷിന്. ആട്ടത്തിനിടെ മുദ്രകള്‍ ഒന്നിന് പിറകെ ഒന്നായി ഒഴുകിയൊഴുകിയങ്ങനെ. നാലെരട്ടിയും കലാശങ്ങളും ചെണ്ടക്കാരനൊപ്പം കണിശതയില്‍. ലളിത ജീവിതം, കൊല്ലങ്കോട്ടെ വീട്ടില്‍. കഥകളിക്ക് പുറമെ കണ്യാര്‍കളിയിലും ആശാനാണ് രാജഗോപാല്‍ മാഷ്. 

 

പ്രായമായെന്ന ചിന്തയുടെ ഒരു നേര്‍ത്ത പടലം പോലുമില്ലാതെ മാഷ് അശ്രാന്തപരിശ്രമത്തിലാണ്. നവതിക്ക് ഹനുമാന്റെ വട്ടമുടികെട്ടിയാടുന്നത് മാത്രമാണുള്ളില്‍. മക്കളില്‍ മൂത്തയാളാണ് അച്ഛന്റെ ഊന്നുവടിയായി കൂടെയുള്ളത്. ഹനുമാനെന്ന ആശ ചമയമഴിച്ചുകഴിഞ്ഞാല്‍ അച്ഛന്‍ കാതില്‍ ചൊല്ലുന്ന അടുത്ത ആശയെന്തെന്ന് കാത്തിരിക്കുകയാണ് മക്കള്‍. അതൊരു പക്ഷെ നളനാവാം, അര്‍ജുനനോ, ഒരു ചുവന്നാടിയോ ആയാലും അല്‍ഭുതമില്ല.. വയസ്സായി, ഇനി വിശ്രമിച്ചിരിക്കാം എന്ന അഭിപ്രായക്കാരോട് മാഷിന് ചിലത് പറയാന്‍ കേട്ടോളൂ..വെറുതെയിരിക്കരുത്.